തീപ്പെട്ടി കൂടിന്റെ പകുതി വലുപ്പമുള്ള ഖുറാന്‍ ലേലത്തിന് വച്ച് മലപ്പുറം സ്വദേശി

മലപ്പുറം: കുഞ്ഞ് ഖുറാന്‍ പതിപ്പ് ലേലത്തിന് വച്ച് മലപ്പുറം സ്വദേശി. തിരൂര്‍ക്കാട് സ്വദേശി റഷീദലി തോണിക്കരയാണ് തീപ്പെട്ടി കൂടിന്റെ പകുതി വലുപ്പമുള്ള ഖുര്‍ആന്‍ പതിപ്പ് ലേലത്തിന് വച്ചിരിക്കുന്നത്.

തിരൂര്‍ക്കാട് പടിഞ്ഞാറെപാടം മസ്ജിദുല്‍ റഹ്‌മാനിയയുടെ ധനശേഖരണാര്‍ഥമാണ് കുഞ്ഞു ഖുര്‍ആന്‍ ലേലത്തിന് വെക്കുന്നത്. 2017ല്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ മുപ്പത്തഞ്ചാം വാര്‍ഷികത്തില്‍ യുഎഇയാണ് ഖുര്‍ആന്റെ ഈ കുഞ്ഞു പതിപ്പ് പുറത്തിറക്കിയത്.

നഗ്‌ന നേത്രങ്ങള്‍ കൊണ്ട് വായിക്കാന്‍ ഏറെ പ്രയാസമുള്ള ലിമിറ്റഡ് എഡിഷന്‍ തമ്പ് നെയില്‍ ഖുര്‍ആനാണിത്. മഹല്ല് പള്ളിയുടെ ധനശേഖരണത്തിന് കൈവശമുള്ള അപൂര്‍വ ഖുര്‍ആന്‍ പതിപ്പ് വിട്ട് കൊടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നു റഷീദലി തോണിക്കര പറഞ്ഞു.

അടുത്ത ആഴ്ച ഖുര്‍ആന്‍ ലേലം ആരംഭിക്കാനാണ് ആലോചന. തീപ്പെട്ടി കൂടിനോളം വലിപ്പമുള്ള മറ്റൊരു ഖുര്‍ആന്‍ പതിപ്പും റഷീദലിയുടെ കൈവശമുണ്ട്.

Exit mobile version