ഓണസമ്മാനമായി ലഭിച്ചത് ആംബുലൻസ്, കടങ്ങോട് പഞ്ചായത്തിലെ രോഗികൾക്ക് ആശ്വാസം; കൈത്താങ്ങായത് പ്രമുഖ വ്യവസായി

തൃശ്ശൂർ: കടങ്ങോട് പഞ്ചായത്തിലെ രോഗികളുടെ യാത്രാ ദുരിതത്തിന് അറുതിയായി ഓണസമ്മാനമായി എത്തിയത് ആംബുലൻസ്. കൃത്യസമയത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു കടങ്ങോട് പഞ്ചായത്ത് അധികൃതർ. കോവിഡ് കാലത്താണ് ദുരിതം ഇരട്ടിയായത്. 60ലേറെ പേരാണ് പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്.

തൊട്ടടുത്ത അൽഅമീൻ ആശുപത്രിയുടേയും സന്നദ്ധ സംഘടനയുടേയും ആംബുലൻസുകളേയാണ് പഞ്ചായത്ത് താൽക്കാലികമായി ആശ്രയിച്ചിരുന്നത്. ഒടുവിൽ ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ ശാശ്വത പരിഹാരമായിരിക്കുന്നത്. മുൻമന്ത്രിയും കുന്ദംകുളം എംഎൽഎയുമായ എസി മൊയ്തീനെ പഞ്ചായത്ത് അധികൃതർ സമീപിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. എംഎൽഎയുടെ ഇടപെടലിൽ പ്രമുഖ വ്യവസായിയായ പികെ ജലീൽ കടങ്ങോട് പഞ്ചായത്തിന് ആംബുലൻസ് സമ്മാനിക്കുകയായിരുന്നു.

ഓണദിനത്തിൽ നടന്ന ചടങ്ങിൽ വ്യവസായി പികെ ജലീലിൽ നിന്നും എംഎൽഎ എസി മൊയ്തീൻ ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ടി.വി മുഹമ്മദ് ഫൈസൽ സന്നിഹിതനായിരുന്നു. പികെ ജലീലിനെ പഞ്ചായത്ത് അധികൃതറും എംഎൽഎയും പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

Exit mobile version