കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം: ഒരു കോടി 11 ലക്ഷം ഡോസ് വാക്സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 18 വയസിന് താഴെയുള്ളവര്‍ക്കും ഉടന്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് പരമാവധി പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്നതിനാലാണ്. അങ്ങനെയാണെങ്കില്‍ തന്നെയും ഇത് അതീവ ജാഗ്രതയോടെയാണ് കാണുന്നത്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമാണ്. ഒരു കോടി 11 ലക്ഷം ഡോസ് വാക്സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിന്റെ ആവശ്യത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്, വീണാ ജോര്‍ജ്ജ് പറഞ്ഞു. ഓണക്കാലത്ത് ജാഗ്രത കൈവിടരുത്. ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ജീവനും, ജീവനോപാധിയും സംരക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പറഞ്ഞു.

സെപ്തംബറോടെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കുട്ടികള്‍ക്കുള്ള വാക്സിനേഷന്റെ രണ്ടും മൂന്നും ഘട്ട ട്രയലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ട്രയല്‍ ഫലത്തിനനുസരിച്ച് വാക്സിനേഷന്‍ ആരംഭിക്കാമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ മേഖലയില്‍ പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ നീക്കും എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇതര ചികിത്സകള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ മേഖലയില്‍ പണം ഈടാക്കുന്നുണ്ടായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാന്‍ ഇല്ല. കേരള സന്ദര്‍ശനം 100% പോസിറ്റീവ് ആയിരുന്നു എന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.

അര്‍ഹരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. 52 ശതമാനം ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കിട്ടുന്ന വാക്സിന്‍ കൃത്യമായി കൊടുക്കുന്നുവെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡ്രൈവ് ത്രൂ വിജയകരമാണോ എന്ന് വിലയിരുത്തിയ ശേഷം മറ്റ് ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങും. സെപ്തംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യം.

Exit mobile version