‘കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, മുഖംമൂടി അണിഞ്ഞവരെ നേരത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം’: സംവിധായകന്‍ ജൂഡ് ആന്റണി

കൊച്ചി: മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇത്തരക്കാരെ നേരത്തെ ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധിവരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നും ജൂഡ് പറഞ്ഞു.

സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും ഇത്തരത്തില്‍ തന്നെ ചെയ്യണമെന്ന് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനയായ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പേരുമാറ്റിയിരിക്കുകയാണ് താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു.

‘മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും’.

അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കാബൂള്‍ കൂടി താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ ജനത.

Exit mobile version