അയ കെട്ടുന്നതിനിടെ ഷോക്കേറ്റു; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കളുടെ ചേതനയറ്റ ശരീരം കണ്ട നടുക്കത്തില്‍ മകന്‍, ഇനി അനാഥ ജീവിതം! തോരാകണ്ണീര്‍

ആലത്തൂര്‍: അയ കെട്ടുന്നതിനിടെ ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പഴമ്പാലക്കോട് ഉറവുംചാല്‍ പുളിക്കല്‍ വീട് സുരേഷ് (50), ഭാര്യ സുഭദ്ര (47) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. വസ്ത്രങ്ങള്‍ ഉണക്കാന്‍ ലോഹക്കമ്പി ഉപയോഗിച്ചു വീടിനടുത്തുള്ള മരത്തില്‍ക്കെട്ടി, മറുഭാഗം വീടിന്റെ കഴുക്കോലില്‍ കെട്ടുന്നതിനിടെ വൈദ്യുതി പ്രവഹിക്കുന്ന ഫ്യൂസ് കാരിയറില്‍ കമ്പി തട്ടിയതോടെയാണ് ഷോക്കേറ്റത്.

സുരേഷിനാണ് ആദ്യം ഷോക്കേറ്റത്. രക്ഷിക്കാനെത്തിയ സുഭദ്രയ്ക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. തായിരുന്നു സുഭദ്ര. കളി കഴിഞ്ഞു വീട്ടിലെത്തിയ മകന്‍ സുജിത്താണു മുറ്റത്തു വീണു കിടക്കുന്ന ഇവരെ ആദ്യം കണ്ടത്. സുജിത്തിന്റെ നിലവിളി കേട്ടെത്തിയ സുരേഷിന്റെ അമ്മ ജാനകിക്കും (78) വൈദ്യുതാഘാതമേറ്റു. നിലത്തു വീണ ഇവര്‍ക്കു പരിക്കേറ്റു.

നാട്ടുകാര്‍ മൂവരെയും ആശുപത്രിയിലെത്തിച്ചു. ജാനകിയെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടു. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഹോട്ടല്‍ ജോലിക്കാരനായ സുരേഷ് പഴമ്പാലക്കോട് തട്ടുകട നടത്തിയിരുന്നു. കെഎസ്ഇബി പാടൂര്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍, ആലത്തൂര്‍ പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി. കണ്‍മുന്നില്‍ അച്ഛന്റെയും അമ്മയുടെയും ചേതനയറ്റ ശരീരം കാണേണ്ടിവന്നതിന്റെ നടുക്കം വിട്ടുമാറാതെ നില്‍ക്കുകയാണ് ഏകമകന്‍ സുജിത്.

തൊട്ടടുത്ത വീട്ടില്‍ കളിക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ദാരുണ രംഗത്തിന് സാക്ഷിയായത്. പഴമ്പാലക്കോട് എസ്എംഎം ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായ സുജിത്തിന് ഇനി ആശ്രയം മുത്തശ്ശി മാത്രമാണ്. മാതാപിതാക്കളുടെ വിയോഗത്തില്‍ തളര്‍ന്ന സുജിത്തിനെ ആശ്വസിപ്പിക്കാന്‍ സഹപാഠികള്‍ എത്തി. ദമ്പതികളുടെ മൃതദേഹം പാലക്കാട് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

Exit mobile version