കെടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി: പെട്ടെന്നുള്ള പ്രകോപനം മാത്രം, ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കുറ്റിപ്പുറം: തവനൂര്‍ എംഎല്‍എ കെടി ജലീലിനെതിരെ വധഭീഷണി മുഴക്കിയ
തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വാട്സാപ്പിലൂടെയാണ് ഹംസ ജലീലിന് നേരെ വധ ഭീഷണി ഉയര്‍ത്തിയത്.

ഇതേ തുടര്‍ന്ന് എംഎല്‍എ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്താലാണ് കെടി ജലീലിന് വാട്സാപ്പ് സന്ദേശം അയച്ചതെന്നും ഇതിന് പിന്നില്‍ മറ്റു ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സിഐ അഷ്റഫ് അറിയിച്ചു.

മുസ്ലിം ലീഗ് ചന്ദ്രിക വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് ജലീലിന് നേരെ വധ ഭീഷണിയുണ്ടായത്. ഭീഷണിക്ക് പിന്നില്‍ ലീഗാണെന്നായിരുന്നു ജലീലിന്റെ ആരോപണം. ലീഗിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും വാഹനത്തിന്റെ ബ്രേക്കൊന്ന് പോയാല്‍ മതിയെന്നുമായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്.

”എടാ ജലീലെ നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓര്‍ക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്റെയീ സിപിഐഎമ്മിന്റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ. അതൊക്കെ നീ കരുതിവെച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാല്‍ മതി. നല്ലോണം ഓര്‍മ്മ വെച്ചോ, അന്റെ തറവാട് മാന്തും. നല്ലോണം ഓര്‍മ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ’ എന്നായിരുന്നു ഹംസയുടെ ഭീഷണി.

Exit mobile version