മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി , രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. കോട്ടയം സ്വദേശി അനില്‍, ബംഗളൂരു സ്വദേശി പ്രേംരാജ് എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍നിന്നായി പിടികൂടിയത്. ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഇരുവരും.

മൂന്നുദിവസം മുമ്പാണ് പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിയുമായി പ്രേംരാജ് ക്ലിഫ് ഹൗസിലേക്കും ചീഫ് സെക്രട്ടറിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറെയും വിളിക്കുന്നത്.

തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ ഇന്നലെയാണ് സേലത്തുനിന്ന് പിടികൂടിയത്. തമിഴ്‌നാട് പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ചൊവ്വാഴ്ചയാണ് കോട്ടയം സ്വദേശി അനില്‍ ക്ലിഫ് ഹൗസിലേക്ക് വിളിക്കുന്നത്. തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡ് പരിസരമാണ് കണ്ടത്.

തുടര്‍ന്ന് കോട്ടയത്തുള്ള പൊലീസെത്തിയപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. എറണാകുളത്തേക്കുള്ള ബസില്‍ ഇയാളുണ്ടെന്ന് കോട്ടയത്തുള്ള പൊലീസ് സംഘം അറിയിച്ചതിനെതുടര്‍ന്ന് ഹില്‍ പാലസ് പൊലീസ് എത്തി തൃപ്പൂണിത്തുറയില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Exit mobile version