റോഡിലൂടെ പെട്ടെന്ന് പോകാന്‍ ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കി യാത്ര, ഇ ബുള്‍ജെറ്റ് സഹോദരന്മാരെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നിയമലംഘനങ്ങളുടെ പരമ്പര

കണ്ണൂര്‍: റോഡ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിയിലായ വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

പിടിയിലായ വ്‌ലോഗര്‍മാരേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നിയമലംഘനങ്ങളുടെ പരമ്പര തന്നെയാണ്. റോഡില്‍ വേഗത്തില്‍ പോകാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കിയാണ് അവര്‍ യാത്ര ചെയ്തതെന്ന് പോലീസ് പറയുന്നു.

സംഭവം കേരളത്തിന് പുറത്താണെങ്കിലും അന്യസംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ് അധികാരികള്‍. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചച്ചതിന്റെ പേരിലാണ് ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടികള്‍ തുടങ്ങിയത്.

ഇവര്‍ കാരവാനായി മാറ്റിയ വാഹനത്തിന് ആഢംബര നികുതി അടക്കാന്‍ തയ്യാറായില്ല. വാഹനം ബ്രാന്‍ഡ് ചെയ്തതിനടക്കം തുക വേറേയും അടക്കാനുണ്ട്. മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ചതിനും പിഴയുണ്ട്. ഈ പിഴ നല്‍കാന്‍ വിസമ്മതിച്ചത് മാത്രമല്ല, ഇതിനെതിരെ ആളെക്കൂട്ടി സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങളുണ്ടാക്കിയതിനും ഇവര്‍ക്കെതിരെ കേസുണ്ട്.

പോലീസ് ആസൂത്രിതമായി തങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് പൊലീസ് സ്റ്റേഷനില്‍ ലൈവ് വീഡിയോ ചിത്രീകരിച്ചത് പ്രശ്നം വലിയ വിവാദമാക്കിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version