കൈതുടച്ച കടലാസാണെന്ന് കരുതി മൂന്ന് പവന്റെ മാല സൂക്ഷിച്ച പൊതി കാറിൽ നിന്നും പുറത്തേക്കെറിഞ്ഞു; നഷ്ടമായത് വിദേശത്തേക്ക് പോവാനുള്ള പണത്തിനായി വിൽക്കാൻ വെച്ച മാല

എടപ്പാൾ: കാറിൽ നിന്നും കൈതുടച്ച കടലാസ് പുറത്തേക്കെറിഞ്ഞ് യുവാവിന് സംഭവിച്ചത് വൻഅബദ്ധം. യുവാവ് പുറത്തേക്ക് എറിഞ്ഞത് കൈവശം ഉണ്ടായിരുന്ന 3 പവന്റെ മാല അടങ്ങിയ പൊതിയാണെന്ന് മനസിലാക്കിയത് അൽപ്പം വൈകിയാണ്. അബദ്ധം മനസ്സിലാക്കി തിരികെ എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും മാല ലഭിച്ചില്ല. നിരാശനായി മടങ്ങേണ്ട അവസ്ഥ വന്നു. ഈ ഭാഗത്ത് റോഡരികിൽ കാടുകൾ വളർന്നതിനാൽ തെരച്ചിൽ ദുഷ്‌കരമാവുകയായിരുന്നു. വിദേശത്തു പോകാൻ പണം ആവശ്യം ഉള്ളതിനാൽ വിൽപന നടത്താനായി സൂക്ഷിച്ച മാലയാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാവിലെ കണ്ടനകത്ത് ആയിരുന്നു സംഭവം. എടപ്പാൾ സ്വദേശിയായ യുവാവ് ഇന്ന് വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി വെള്ളാഞ്ചേരിയിലെ ബന്ധു വീട്ടിലേക്ക് യാത്ര പറയാനായി പോവുകയായിരുന്നു. കൂടെ ഭാര്യയുമുണ്ടായിരുന്നു. യാത്രയ്ക്കിടെ കണ്ടനകത്ത് എത്തിയപ്പോൾ കൈ തുടച്ച ശേഷം കടലാസ് പുറത്തേക്ക് എറിയുകയായിരുന്നു. എന്നാൽ കടലാസിന് പകരം മാല പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പൊതി ആണ് എടുത്ത് എറിഞ്ഞത്.

അൽപ ദൂരം മുന്നോട്ടു പോയപ്പോഴാണ് മാലയാണു കളഞ്ഞതെന്നു മനസ്സിലായത്. ഉടൻ വാഹനം തിരിച്ച് കണ്ടനകം കെഎസ്ആർടിസി വർക്ക് ഷോപ്പിന് മുൻവശത്ത് പൊതി കളഞ്ഞ സ്ഥലത്തു നിർത്തി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് നാട്ടുകാരും ഒപ്പം ചേർന്നെങ്കിലും മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.

Exit mobile version