പെട്ടിമുടി ദുരന്തത്തിന് ഒരു വയസ്; തേടി നടന്നിട്ടും മകനെ കണ്ടെത്താനാകാതെ ഷൺമുഖനാഥൻ; മരണസർട്ടിഫിക്കറ്റിനായി അലഞ്ഞ് പെട്ടിമുടിക്കാർ

മൂന്നാർ: കേരളക്കരയെ കണ്ണീരിലാഴ്ത്തി പെട്ടിമുടി ദുരന്തം കഴിഞ്ഞുപോയിട്ട് ഓഗസ്റ്റ് ആറിന് ഒരുവർഷം പൂർത്തിയാകുകയാണ്. കണ്ണീരോടെ ഇന്നും ഉറ്റവർക്കായി കാത്തിരിക്കുന്നുണ്ട് പെട്ടിമുടിയിലെ കുടുംബം. അപകടത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കിയെങ്കിലും മരണസർട്ടിഫിക്കറ്റ് നൽകാത്തതിനാൽ അലയുകയാണ് ഷൺമുഖനാഥൻ ഉൾപ്പെടെയുള്ള പെട്ടിമുടിക്കാർ.

ഷൺമുഖനാഥന്റെ രണ്ടു മക്കളെയാണ് പെട്ടിമുടി ദുരന്തത്തിൽ നഷ്ടമായത്. മക്കളായ ദിനേഷ് കുമാർ,(22) നിതീഷ് കുമാർ (20)എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ചുപോയത്. ഇതിൽ നിതീഷ് കുമാറിന്റെ മൃതദേഹം കണ്ടെടുത്തു. എങ്കിലും നദിനേഷ് ഇന്നും കാണാമറയത്ത് തന്നെ. ആറുമാസത്തോളം തിരച്ചിൽ നടത്തിയെങ്കിലും ദിനേഷ് ഉൾപ്പെടെ നാല് പേരെ കണ്ടെത്താനായില്ല. ഇതുവരെ 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായി. കാണാതായവർ ഉൾപ്പെടെ 70 പേരും മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

ദിനേഷ് കുമാർ, കാർത്തിക, പ്രിയദർശിനി,കസ്തൂരി എന്നിവരുടെ മൃതശരീരമാണ് ഇനിയും ലഭിക്കാനുള്ളത്. മൃതദേഹം വീണ്ടെടുക്കാൻ കഴിയാതെ പോയവരുടെ മരണ സർട്ടി ഫിക്കറ്റിനായി അലയുകയാണ് ഷൺമുഖനാഥൻ ഉൾപ്പെടെയുള്ള ഉറ്റവർ. മകന് ഉണ്ടായിരുന്ന ഇൻഷുറൻസോ, മകന്റെ ഡെപ്പോസിറ്റോ ഒന്നും മരണ സർട്ടിഫിക്കേറ്റ് ലഭിക്കാത്തത് മൂലം ലഭിച്ചില്ല. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട് ഷൺമുഖനാഥൻ പരാതി അയച്ചിട്ടുണ്ട്.

അപകടമരണം റിപ്പോർട്ട് ചെയ്യേണ്ടത് പോലീസോ ആശുപത്രിയോ ആണ്. ഇവർ റിപ്പോർട്ട് ചെയ്താൽ മാത്രമെ മരണ സർട്ടിഫിക്കേറ്റ് നൽകാൻ കഴിയൂ. അതേസമയം മരണം റിപ്പോർട്ട് ചെയ്ത എല്ലാവർക്കും മരണ സർട്ടിഫിക്കേറ്റ് നൽകികഴിഞ്ഞുവെന്നും മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ഡോക്ടർ അജിത്ത് കുമാർ വ്യക്തമാക്കി.

Exit mobile version