ബിഹാറിൽ നിന്നും മംഗലാപുരം വഴി എത്തിയ തോക്കാണോ രാഖിൽ ഉപയോഗിച്ചത്? അന്വേഷണം മാനസയുടെ ജീവനെടുത്ത തോക്കിന് പിന്നാലെ

കോതമംഗലം: ഡന്റൽ വിദ്യാർത്ഥിനി നാറാത്ത് സ്വദേശിനി മാനസയുടെ ജീവനെടുത്ത് രാഖിൽ എന്ന യുവാവ് ജീവനൊടുക്കിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല കേരളക്കര. യുവാവിന് തോക്ക് എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യത്തിനുത്തരം തേടുകയാണ് അന്വേഷണ സംഘം. കൊലപാതകത്തിലെ ദുരൂഹത മുഴുവൻ തോക്കിനെ ചൊല്ലിയാണ്.

യുവാവ് ലൈസൻസുള്ള പിസ്റ്റൾ ആരുടേയതെങ്കിലും കൈക്കലാക്കിയതാണോ അതോ മറ്റേതെങ്കിലും വഴി തോക്ക് സംഘടിപ്പിച്ചതാണോ എന്നാണ് അന്വേഷിക്കുന്നത്. ബാലിസ്റ്റിക് പരിശോധനയിൽ തോക്ക് സംബന്ധിച്ച് വ്യക്തത വരും.

കണ്ണൂർ സ്വദേശിയായ രാഖിൽ കോതമംഗലത്തു പഠിക്കുന്ന മാനസയെ നിരന്തരം വീക്ഷിച്ചതിനുശേഷം നാട്ടിലേക്ക് പോയി തോക്കുമായി തിരിച്ചെത്തിയെന്നാണ് പോലീസ് കരുതുന്നത്. ആസൂത്രിതമായാണ് രാഖിൽ എല്ലാ പദ്ധതികളും നടപ്പാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ- കാസർകോട് മേഖലയിൽ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബിഹാറിൽനിന്ന് മംഗലാപുരം വഴി തോക്ക് എത്തും. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും കിട്ടും. അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് കൈമാറ്റത്തിൽ പ്രധാനമായും ഇവിടെ പ്രവർത്തിക്കുന്നത്.

കാസർകോട് സംഘമാകട്ടെ വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങൾക്കു മാത്രമാണു പിസ്റ്റൾ വിൽക്കുന്നത്. അതേസമയം, പെരുമ്പാവൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിന് ഇത്തരത്തിൽ തോക്ക് വരുന്നുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. രാഖിലിന് ഇത്തരത്തിൽ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിക്കും.

മാനസയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റർ മാറിയുള്ള വാടകമുറി രാഖിൽ കണ്ടെത്തി വാസമുറപ്പിച്ചിരുന്നു. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖിൽ നെല്ലിക്കുഴിയിലെത്തി വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചത്.

പ്ലൈവുഡ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് മുറി സംഘടിപ്പിച്ചത്. പാലക്കാട്ടേക്ക് ബിസിനസ് ആവശ്യത്തിന് പോവുകയാണെന്ന് പറഞ്ഞ് രാഖിൽ നാല് ദിവസം മാറി നിന്നിരുന്നു എന്ന് മുറിയുടമ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പാലക്കാട്ടേക്ക് എന്ന് പറഞ്ഞ് പോയ പ്രതി കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് തിരിച്ചെത്തുകയായിരുന്നു. വരുമ്പോൾ ഒരു ബാഗും കൊണ്ടുവന്നിരുന്നു. ഇതിൽ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം.

Exit mobile version