പശുവിന് പുല്ലരിയാന്‍ പോയതിന് രണ്ടായിരം രൂപ പിഴയിട്ട് പോലീസ്: ലോക്ക്ഡൗണില്‍ വരുമാനം നിലച്ച കര്‍ഷകനെ പിഴയടച്ച് സഹായിച്ച് ബന്ധു

കാസര്‍കോട്: പശുവിന് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് പോയ കര്‍ഷകന് 2000 രൂപ പിഴയിട്ട് പോലീസ്. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി നാരായണനാണ് പോലീസ് വലിയ പിഴയിട്ടത്.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇദ്ദേഹത്തിന്റെ ബന്ധുവാണ് പണമടയ്ക്കാന്‍ സഹായിച്ചത്. കാസര്‍കോട് അമ്പലത്തറ പോലീസാണ് നാരായണന്റെ
വീട്ടിലെത്തി പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പണമടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

ലോക്ഡൗണ്‍ മൂലം കൂലിപ്പണി നിന്നപ്പോഴാണ് 50,000 രൂപ ലോണെടുത്ത് ഒരു പശുവിനെ വാങ്ങിയത്. ഇതിനിടയില്‍ ഭാര്യ ഷൈലജ കൊവിഡ് പോസിറ്റീവായി.
നാരായണന്റെ 25 സെന്റ് പുരയിടത്തില്‍ പുല്ല് ഇല്ല.

അതിനാല്‍ തൊട്ടടുത്ത പറമ്പില്‍ പുല്ലരിയാന്‍ പോയതായിരുന്നു. മാസ്‌ക് ഇട്ട് പൂര്‍ണമായും ആളില്ലാത്ത പറമ്പിലാണ് ഇദ്ദേഹം പുല്ലരിയാന്‍ പോയത്. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനമെന്ന് പറഞ്ഞ് പോലീസ് പിഴയിടുകയായിരുന്നു.

മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ കടം വാങ്ങിയ ഇദ്ദേഹം എങ്ങനെ രണ്ടായിരം രൂപ അടയ്ക്കുമെന്ന് കരുതി വിഷമിച്ചിരിക്കെയാണ് ബന്ധു സഹായിച്ചത്. പത്ത്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയും അമ്മയും അനിയനും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

എന്നാല്‍ ഒമ്പത് ദിവസം മുമ്പാണ് നാരായണന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും ഇയാള്‍ പ്രൈമറി കോണ്‍ടാക്ടാണെന്നും പോലീസ് പറയുന്നു.

Exit mobile version