കെഎസ്ആര്‍ടിസിയില്‍ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഹാജരായി

എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പി.എസ്.സി ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയ കാലപരിധി ഇന്നാണ് അവസാനിക്കുന്നത്

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കോര്‍പ്പേറഷന്‍ ആസ്ഥാനത്ത് ഹാജരായി. 4051 പേര്‍ നാല് ബാച്ചുകളായാണ് ഹാജരാകുന്നത്. ഇവരില്‍ ആദ്യ ബാച്ചിന്റെ രേഖകള്‍ പരിശോധിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പി.എസ്.സി ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയ കാലപരിധി ഇന്നാണ് അവസാനിക്കുന്നത്.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഡിപ്പോകളിലേക്ക് നിയോഗിക്കും. രണ്ട് ദിവസത്തെ ഓറിയന്റേഷന്‍ ക്ലാസ് നല്‍കും. ടിക്കറ്റിങ്ങ് സംവിധാനത്തെ കുറിച്ചുള്ള ക്ലാസും നല്‍കിയതിന് ശേഷം നിലവിലെ കണ്ടക്ടര്‍മാര്‍ക്കൊപ്പം രണ്ട് ദിവസം പരിശീലനത്തിന് അയക്കും. അതിന് ശേഷം ആര്‍.ടി.ഒയുടെ കണ്ടക്ടര്‍ പരീക്ഷയും പാസ്സായതിനു ശേഷമായിരിക്കും സ്വതന്ത്ര ചുമതല നല്‍കുക. സിറ്റി റൂട്ടുകള്‍ ഉള്‍പ്പെടെ ഉള്ളവയിലായിരിക്കും പുതിയ ജിവനക്കാര്‍ക്ക് നിയമനം നല്‍കുക.

എംപാനല്‍ ജീവനക്കാരുടെ അതേ ശമ്പളമാണ് ഇവര്‍ക്ക് നല്‍കുന്നതെന്നാണ് ഇന്നലെ ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാല്‍ നിയമപരമായുള്ള എല്ലാ അനുകൂല്യങ്ങളും ശമ്പളവും നല്‍കുമെന്നാണ് എ.കെ ശശീന്ദ്രന്‍ അറിയിച്ചത്.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു ശേഷം ഇന്നലെ മാത്രം 1093 സര്‍വീസുകളാണ് മുടങ്ങിയത്. കൂടുതല്‍ സര്‍വീസുകള്‍ തടസപ്പെടാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. സ്ഥിരം കണ്ടക്ടര്‍മാരോട് അധിക ഡ്യൂട്ടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version