ഓണക്കിറ്റ് വിതരണത്തിന് സുസജ്ജമായി സപ്ലൈകോ: ജനപ്രിയ ബ്രാന്‍ഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ 16 ഇനങ്ങള്‍; സേമിയയ്‌ക്കെതിരെയുള്ള ആരോപണം ദുരുദ്ദേശപരമെന്നും സപ്ലൈകോ ചെയര്‍മാന്‍ അസ്ഗര്‍അലി പാഷ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന് സുസജ്ജമായി സപ്ലൈകോ. പൊതുവിപണിയിലെ ജനപ്രിയ ബ്രാന്‍ഡുകളുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 16 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് സര്‍ക്കാര്‍ മലയാളിയ്ക്ക് ഓണസമ്മാനമായി നല്‍കുന്നത്. കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അതേസമയം, കിറ്റ് വിതരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ കിറ്റിലെ സേമിയയ്ക്ക് ഗുണനിലവാരമില്ല എന്ന് പ്രമുഖപത്രം വാര്‍ത്ത നല്‍കിയത് ദൗര്‍ഭാഗ്യകരവും ദുരുദ്ദേശപരവുമാണെന്ന് സപ്ലൈകോ ചെയര്‍മാന്‍ പ്രതികരിച്ചു.

കിറ്റ് തയ്യാറാക്കുന്നതിന് അഹോരാത്രം പരിശ്രമിക്കുന്ന ജീവനക്കാരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതാണെന്നും സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അസ്ഗര്‍അലി പാഷ ഐഎഎസ് കൂട്ടിച്ചേര്‍ത്തു.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിബന്ധനകള്‍ക്കനുസരിച്ചും കേരളസര്‍ക്കാറിന്റെ വാങ്ങല്‍ നയങ്ങള്‍ക്കനുസരിച്ചും ഇ ടെന്‍ഡര്‍ മുഖേനെയാണ് കിറ്റിന് വിതരണക്കാരെ തിരഞ്ഞെടുത്തിട്ടുള്ളത്.

കൂടാതെ ഇ ടെണ്ടറില്‍ പങ്കെടുത്ത സംസ്ഥാനത്തിനകത്തെ എംഎസ്എംഇ യൂണിറ്റുകള്‍ കുറഞ്ഞവിലക്ക് ഉത്പന്നങ്ങള്‍ നല്‍കാന്‍ തയ്യാറാകുകയാണെങ്കില്‍ ആവശ്യതകയുടെ പകുതി ഇത്തരം കമ്പനികള്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version