ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട എട്ട് ലക്ഷം രൂപ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു, ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം തട്ടിയെടുത്തു; പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിൽ

മൂവാറ്റുപുഴ: ഓൺലൈൻ ലോട്ടറിയുടെ പേരിൽ തട്ടിപ്പിന് ഇരയായ വ്യക്തിയുടെ കൈയ്യിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. നഷ്ടപ്പെട്ട എട്ടുലക്ഷം രൂപ തിരിച്ചുവാങ്ങിത്തരാമെന്നു പറഞ്ഞാണ് വ്യാജ ഡിറ്റക്ടീവ് ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. പെരുമ്പാവൂർ അശമന്നൂർ ഓടക്കാലി പൂമല കോളനി ഭാഗത്ത് പാലക്കുഴിയിൽ സുദർശൻ (24) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ് ഇരട്ട തട്ടിപ്പിനിരയായത്.

2019ലാണ് 25 ലക്ഷം രൂപ ഓൺലൈൻ ലോട്ടറിയടിച്ചെന്ന സന്ദേശത്തിൽ വിശ്വസിച്ച് ആരക്കുഴ സ്വദേശി എട്ടുലക്ഷം രൂപ നഷ്ടപ്പെടുത്തിയത്. നികുതിയിനത്തിലും മറ്റും നൽകേണ്ട പണം എന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഇയാൾ സുദർശന്റെയും കെണിയിൽ വീണത്. ഓൺലൈൻ തട്ടിപ്പിനിരയായവരുടെ പണം തിരികെ മേടിച്ചു കൊടുക്കുന്ന സ്വകാര്യ ഡിറ്റക്ടീവുകളുണ്ടെന്നും ഇവരെ സമീപിച്ചാൽ പണം തിരിച്ചുകിട്ടുമെന്നും ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ സുഹൃത്താണ് പറഞ്ഞത്. ഈ സുഹൃത്തിൽ നിന്നുമാണ് സുദർശന്റെ നമ്പർ ലഭിച്ചത്.

വിളിച്ചപ്പോൾ ഇരിട്ടിയിലുള്ള തന്റെ ഡിറ്റക്ടീവ് സംഘത്തിലെ പ്രധാനിയെ ബന്ധപ്പെടാൻ പറഞ്ഞ് സുദർശൻ മറ്റൊരു നമ്പർ കൊടുത്തു. സ്വന്തം നമ്പർ തന്നെയാണ് നൽകിയത്. ഈ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നഷ്ടപ്പെട്ട തുകയുടെ 10 ശതമാനമാണ് ആദ്യം പ്രതിഫലമായി ആവശ്യപ്പെട്ടത്. പിന്നീട് ഒരു ലക്ഷം രൂപയും നൽകണമെന്ന് പറഞ്ഞു. ഇതാണ് പിന്നീട് 24.5 ലക്ഷം രൂപയുടെ തട്ടിപ്പിലെത്തിയത്. നികുതി, ഫീസ്, മറ്റ് ചെലവുകൾ എന്നെല്ലാം പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നാണ് പോലീസ് പറയുന്നത്.

സുദർശൻ ശബ്ദം മാറ്റി സംസാരിച്ച് ആളെ വശത്താക്കാന് മിടുക്കനായിരുന്നു. സുദർശൻ പല ഉന്നത ഉദ്യോഗസ്ഥരുടെയും പേരു പറഞ്ഞ് വേറെ വേറെ നമ്പറുകൾ കൊടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരായി ചമഞ്ഞ് സംസാരിച്ച് പലപ്പോഴായി ബാങ്ക് വഴി പണം അക്കൗണ്ടിലേക്ക് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിവിധ ഫോൺ നമ്പറുകളിൽനിന്ന് വിവിധ ശബ്ദത്തിൽ വിളിച്ച് റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്നും എസ്ബിഐ ഉദ്യോഗസ്ഥൻ ആണെന്നും വരെ പറഞ്ഞ് പണം തട്ടി. ബാങ്ക് വഴി പണം അയച്ചതുകൊണ്ട് തട്ടിപ്പല്ലെന്ന വിശ്വാസവും ഉണ്ടാക്കിയെടുത്തു.

അതേസമയം, എട്ട് ലക്ഷം തിരികെ വാങ്ങി നൽകാമെന്നതിനപ്പുറം മറ്റെന്തെങ്കിലും ഇടപാടുകൾ ഇവർക്കിടയിലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നഷ്ടപ്പെട്ട തുക കിട്ടാൻ അതിന്റെ മൂന്നിരട്ടി നൽകിയെന്ന വാദം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സുദർശന്റെ കൂട്ടുപ്രതികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണ്. സുദർശനനെ തമിഴ്‌നാടിനോടു ചേർന്ന് ഇടുക്കി ജില്ലാ അതിർത്തിയിൽനിന്നാണ് പിടിച്ചത്. ഇവിടെ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

ഇൻസ്‌പെക്ടർ സിജെ മാർട്ടിൻ, എസ്‌ഐ ആർ അനിൽകുമാർ, എഎസ്‌ഐ പിസി ജയകുമാർ, സീനിയർ സിപിഒ മാരായ ടിഎൻ സ്വരാജ്, ബിബിൽ മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

Exit mobile version