‘കൊടകരയിൽ കവർച്ച ചെയ്ത 3.5 കോടി തന്റേതല്ല, ബിജെപി നേതാക്കൾ പറഞ്ഞിട്ട് കൊണ്ടുവന്ന പണം’; ബിജെപിയെ കുരുക്കി ധർമ്മരാജന്റെ മൊഴി

തിരുവനന്തപുരം: കൊടകര കുഴപ്പണ കേസിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും മകന്റെയും പേര് കുറ്റപത്രത്തിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയെ കുരുക്കിലാക്കി ധർമ്മരാജന്റെ മൊഴി.

3.5 കോടി തന്റേതല്ലെന്നും ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടു വന്ന പണമാണെന്നും ധർമ്മരാജന്റെ മൊഴിയിൽ പറയുന്നു. ഈ പണം തന്റേതാണെന്ന് കോടതിയിൽ ഹർജി നൽകിയത് പരപ്രേരണ മൂലമാണെന്നുമാണ് ധർമ്മരാജൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

3.5 കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ല. അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാകാതിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ വ്യക്തമാക്കി.

നേരത്തെ കോടതിയിൽ പണം തന്റേതാണെന്ന് അവകാശപ്പെട്ട് ധർമ്മരാജൻ ഹർജി നൽകിയിരുന്നു. എന്നാൽ രേഖകൾ സമർപ്പിക്കാൻ സാധിക്കാത്തതിനാൽ കോടതി ഹർജി തള്ളുകയും ചെയ്തിരുന്നു. ആർഎസ്എസ് ബന്ധങ്ങളുള്ള നേതാവാണ് ധർമ്മരാജൻ.

Exit mobile version