ഇടുക്കിയില്‍ അതിശക്തമായ മഴ, ഉരുള്‍പൊട്ടല്‍ ഭീഷണി, മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു, കനത്ത ജാഗ്രത

ഇടുക്കി: കേരളത്തിലെ പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയിലായിരിക്കുകയാണ് ഇടുക്കി ഹൈറേഞ്ചിലെ മലയോരമേഖലകള്‍. ലോ റെയ്ഞ്ചില്‍ അടക്കം ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുന്ന നിലയാണുള്ളത്. അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രതയാണ് തുടരുന്നത്. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ മലയിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കിയില്‍ മഴ ശക്തമായതോടെ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മഴയ്ക്ക് പിന്നാലെയത്തിയ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴയില്‍ ഉടുമ്പന്‍ഞ്ചോലയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു.

മൂന്നാര്‍ മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപവും മൂന്നാര്‍ മറയൂര്‍ റോഡിലുമാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന മൂന്നാര്‍ പൊലീസ് ക്യാന്റീനിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ പഴയ മൂന്നാര്‍ ബൈപ്പാസു വഴി തിരിച്ചു വിട്ടിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ രാവിലെ ആരംഭിക്കും. ജില്ലയില്‍ പ്രഖ്യാപിച്ച രാത്രി യാത്രാ നിരോധനം ഇന്നും നാളെയും തുടരും. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം.

മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നടപടി. അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയായി ഉയര്‍ന്നു. മഴയെ തുടര്‍ന്ന് മലങ്കര, കല്ലാര്‍കുട്ടി, പാമ്പ്ല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 130.25 അടിയുമായിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച 131.50 പിന്നിട്ടിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ട് പോവുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

Exit mobile version