സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളില്ല, ബക്രീദ് ഇളവുകള്‍ ഇന്ന് അവസാനിയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. ഒരാഴ്ച കൂടി കേരളത്തില്‍ വാരാന്ത്യ ലോക്ഡൗണ്‍ തുടരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

അതേസമയം, ബക്രീദുമായി ബന്ധപ്പെട്ട നല്‍കിയ ഇളവുകളുടെ കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ കേരളത്തില്‍ ബക്രീദ് ഇളവുകള്‍ നല്‍കിയതില്‍ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ശതമാനമായി വര്‍ദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്.

ടിപിആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായ നടപടികള്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും അവലോകന യോഗത്തില്‍ തീരുമാനമായി. മൈക്രോ കണ്‍ടൈന്‍മെന്റ് ഫലപ്രദമാക്കി രോഗവ്യാപനം തടയാനാണ് തീരുമാനം. ആലോചിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കാറ്റഗറി ഡി എന്ന് അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെ കോടതി കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. ജൂലൈ 19 ന് യാതൊരു നിയന്ത്രണവുമില്ലാതെ ഡി കാറ്റഗറിയിലും എല്ലാ കടകളും തുറക്കാന്‍ അനുവദിച്ചു. തീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തു എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട കേസില്‍ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടി. ഇളവുകള്‍ മൂലം സ്ഥിതിഗതികള്‍ രൂക്ഷമാവുന്ന സ്ഥിതി ഉണ്ടായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും. ഇളവ് കടുത്ത ആശങ്കുണ്ടാക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. കേരളം സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തി.

കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുത്. ഇപ്പോഴത്തെ തീരുമാനങ്ങള്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമായി നില്‍ക്കുന്നതാണ്. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത ദയനീയ സ്ഥിതിയാണ് ഉള്ളതെന്നും കോടതി വിമര്‍ശിക്കുന്നു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

Exit mobile version