ജിസിഡിഎ കട അടപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി യൂസഫലി; കുടിശ്ശിക തുക മുഴുവന്‍ അടയ്ക്കും

കൊച്ചി: വാടക കുടിശിക മുടങ്ങിയതിനെ തുടര്‍ന്ന് ജിസിഡിഎ കട അടപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി.

മറൈന്‍ ഡ്രൈവില്‍ പ്രസന്ന പ്രതാപന്‍ നടത്തിവന്നിരുന്ന കടയാണ് ജിസിഡിഎ അധികൃതര്‍ അടപ്പിച്ചത്. കുടിശിക തുകയായ 9 ലക്ഷത്തോളം രൂപ പൂര്‍ണമായും അടയ്ക്കാം എന്ന് യൂസഫ് അലി പ്രസന്നയ്ക്ക് ഉറപ്പ് നല്‍കി. ഇന്നു തന്നെ കുടിശിക തുക അടച്ചിട്ട് കടത്തുറക്കാനുള്ള നടപടികള്‍ ആരംഭിക്കാനും യൂസഫലി നിര്‍ദേശിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിസിഡിഎ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധങ്ങള്‍ പുറത്തിട്ടത്. ഇതോടെ കടയ്ക്ക് പിന്നിലെ ചായ്പ്പിലായിരുന്നു പ്രസന്ന കഴിഞ്ഞിരുന്നത്.

താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. മകളെ പോറ്റാനായി മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ 5 വര്‍ഷം മുന്‍പ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ചെറിയ കട നിര്‍മിക്കാനുള്ള അനുമതി ജിസിഡിഎ നല്‍കിയത്.

ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കോവിഡ് ലോക്ക്ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു.

പ്രസന്നയുടെ നിസ്സഹായാവസ്ഥ വാര്‍ത്തയായതോടെ നിശ്ചിത തുക അടച്ചാല്‍ ഇളവ് അനുവദിക്കാമെന്നും തുക തവണകളായും അടയ്ക്കാമെന്നും ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു.

Exit mobile version