സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള ഇളവുകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയില്‍ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണില്‍ ഇന്ന് ഇളവ് അനുവദിച്ചത്. ഇന്നും നാളെയും മറ്റന്നാളും കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി ഉണ്ടാകും.

രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകള്‍ ബാധകമാവുക. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളില്‍ നാളെ ഒരു ദിവസത്തേക്ക് പെരുന്നാള്‍ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.

എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. തിങ്കള്‍ മുതല്‍ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തനാനുമതി.

അതേസമയം മദ്യശാലകള്‍ ഇന്ന് തുറക്കില്ല. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മദ്യശാലകള്‍ക്ക് ഇളവ് ഇല്ലാത്തതിനാലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version