കമ്മ്യൂണിറ്റി ഹാളിലെ ടിവിയെ മാത്രം ആശ്രയിച്ച് പഠിച്ച് ദിവ്യ നേടിയത് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്; ചിന്നാർ ആദിവാസി ഊരിലെ വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് എ രാജ

ഇടുക്കി: ഓൺലൈനിലൂടെയും ഡിജിറ്റൽ സങ്കേതങ്ങളിലൂടെയും പഠിച്ച് സംസ്ഥാനത്തെ എസ്എസ്എൽസി വിദ്യാർത്ഥികൾ ഇത്തവണ നേടിയത് ചരിത്ര വിജയമാണ്. വീട്ടിലിരുന്ന് പഠിച്ച് കുട്ടികൾ നേടിയ ഈ വിജയത്തിന്റെ മാറ്റുകൂട്ടികയാണ് ദിവ്യയെ പോലുള്ള വിദ്യാർത്ഥികൾ. ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദിവാസി ഊരിലെ ദിവ്യയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസാണ് ലഭിച്ചത്. ആലാംപെട്ടിക്കുടിയിലെ കണ്ണപ്പന്റെയും വേളാംങ്കണ്ണിയുടെയും മകളാണ് ദിവ്യ.

കമ്മ്യൂണിറ്റി ഹാളിൽ പൊതുവായി സ്ഥാപിച്ച ടെലിവിഷനിലൂടെ പഠിച്ചാണ് ദിവ്യ ഈ വിജയം സ്വന്തമാക്കിയതെന്ന് അറിയുമ്പോഴാണ് വിജയത്തിന്റെ തിളക്കമേറുന്നത്. ദേവികുളം എംഎൽഎയായ എ രാജയാണ് ദിവ്യയുടെ വിജയത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. എംഎൽഎ നേരിട്ടെത്തി കേക്ക് മുറിച്ചാണ് വിദ്യാർത്ഥിനിയുടെ വിജയം ആഘോഷിച്ചത്.

എ രാജ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്:

കമ്മ്യൂണിറ്റി ഹാളിൽ പൊതുവായി സ്ഥാപിച്ച ടെലിവിഷനിലൂടെ പഠിച്ച് പരീക്ഷ എഴുതി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദിവാസി ഊരിലെ ദിവ്യ നേടിയ വിജയം ഏറെ തിളക്കമുള്ളതാണ്.

ചിന്നാർ ആദിവാസി ഊരായ ആലാംപെട്ടിക്കുടിയിൽ മറ്റുള്ളവരുടെ ഫോണിൽ ഡൌൺ ലോഡ് ചെയ്തായിരുന്നു ദിവ്യയുടെ പഠനം. കോവിഡ് പ്രതിസന്ധിയിൽ പഠനം പ്രതിസന്ധി ആയപ്പോൾ ദിവ്യ ആശ്രയിച്ചിരുന്നത് ഇക്കോ ഡെവലപ്പ്‌മെന്റ് ആദിവാസികുട്ടികൾക്കായി പൊതുവായി സ്ഥാപ്പിച്ച ടെലിവിഷനിൽ വിക്ടെഴ്‌സ് ചാനൽവഴി ലഭിച്ച ക്ലാസുകൾ വഴിയാണ് മുഴുവൻ വിഷയത്തിലും ദിവ്യ എ പ്ലസ് നേടിയത്. ആലാംപെട്ടിക്കുടിയിലെ കണ്ണപ്പന്റെയും വേളാംങ്കണ്ണിയുടെയും മകളാണ് ദിവ്യ.

Exit mobile version