മാനവികതയ്ക്കാണ് മൂല്യമെന്ന് തെളിയിച്ച് ഈ നാട്; മൃതദേഹം അടക്കാൻ സ്ഥലമില്ലാതെ കുടുംബം; കൃഷ്ണവേണിക്ക് ചിത ഒരുങ്ങിയത് എടത്വാ പള്ളിയിൽ

കുട്ടനാട്: ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദുമത വിശ്വാസിക്കായി ചിതയൊരുക്കി ഈ നാട്. എടത്വാ പള്ളിയിലാണ് കൃഷ്ണവേണി എന്ന വയോധികയ്ക്ക് ചിതയൊരുങ്ങിയത്. കോയിൽമുക്ക് പുത്തൻപുരയിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യയാണ് കൃഷ്ണവേണി(85).

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൃഷ്ണവേണി മരിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ വീട്ടിൽ സ്ഥല സൗകര്യമില്ലാത്തതിനാൽ എടത്വാ സെന്റ് ജോർജ്ജ് ഫോറോനാ പള്ളിയിൽ എല്ലാ ആചാരങ്ങളും പാലിച്ച് ദഹിപ്പിക്കുകയായിരുന്നു. എടത്വാ ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തിലിന്റെ അഭ്യർത്ഥനയെ തുടർന്ന് കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി കൈക്കാരൻമാരും പാരിഷ് സബ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ചശേഷം ഇതരമത വിശ്വാസിയുടെ അന്ത്യകർമ്മങ്ങൾക്കായി പള്ളി വക സ്ഥലം വിട്ടുനൽകുകയായിരുന്നു.

ഒരു മാസം മുൻപാണ് കൃഷ്ണവേണിയുടെ ഭർത്താവ് ശ്രീനിവാസൻ കോവിഡ് ബാധിച്ച് മരിച്ചത്. ശ്രീനിവാസനും ഇതേസ്ഥലത്ത് തന്നെയാണ് ചിതയൊരുക്കിയിരുന്നത്. അതേ പള്ളി സെമിത്തേരിയിൽ ഇപ്പോൾ ഭാര്യയ്ക്കും ചിതയൊരുക്കി മാനവികതയുടെ മൂല്യം ഉയർത്തിപ്പിടിച്ചിരിക്കുകയാണ് ഈ നാട്ടുകാർ.

സംസ്‌കാര ചടങ്ങിന് സ്ഥലം വിട്ടുനൽകിയ പള്ളി അധികൃതർക്ക് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്. സംസ്‌കാര ചടങ്ങിൽ വികാരി ഫാ. മാത്യു ചൂരവടി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, കൈക്കാരൻ കെഎം മാത്യു തകഴിയിൽ, പാരീഷ് കമ്മറ്റി അംഗങ്ങളായ ബിൽബി മാത്യു കണ്ടത്തിൽ, അലക്‌സ് മഞ്ഞുമ്മൽ, ആന്റപ്പൻ, സാജു കൊച്ചുപുരയ്ക്കൽ, നിയമോൾ എന്നിവർ പങ്കുകൊണ്ടു.

Exit mobile version