മഠത്തില്‍ തന്നെ താമസിയ്ക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര; മഠത്തിന് പുറത്ത് പോലീസ് സുരക്ഷ ഉറപ്പാക്കാം എന്ന് കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മഠത്തില്‍ തുടരരുതെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. മഠത്തില്‍ തുടര്‍ന്നാല്‍ പോലീസ് സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

പുറത്തെവിടെയെങ്കിലും താമസിച്ച് സിവില്‍ കോടതിയെ സമീപിക്കാം. മഠത്തിനു പുറത്ത് പോലീസ് സുരക്ഷ ഉറപ്പാക്കാം എന്നും ലൂസി കളപ്പുരയ്ക്കലിനു കോടതി ഉറപ്പ് നല്‍കി. അന്തിമ വിധി പറയാന്‍ കേസ് മാറ്റിവച്ചു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസില്‍ ഹാജരാവേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെ സിസ്റ്റര്‍ നേരിട്ടാണ് ഹൈക്കോടതിയില്‍ വാദിച്ചത്. ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്.

പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും മഠത്തില്‍ തന്നെ താമസിച്ച് നീതിക്കുവേണ്ടി പോരാടും എന്ന് സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എവിടെ താമസിച്ചാലും സുരക്ഷ നല്‍കണം എന്ന് ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പോലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്.

’39 വര്‍ഷമായി ഞാന്‍ മഠത്തില്‍ കഴിയുന്നു. ഇതിനിടെ ഒരു തെറ്റും ചെയ്തിട്ടില്ല. സഭാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് എന്നെ അങ്ങനെയങ്ങ് പുറത്താക്കാനാവില്ല. നീതി പീഠത്തില്‍ എനിക്ക് വിശ്വാസമുണ്ട്,’ ലൂസി കളപ്പുര പറഞ്ഞു.

Exit mobile version