കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 25 കോടി രൂപ വില വരുന്ന ഹെറോയിന്‍ പിടികൂടി

കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ 4.5 കിലോ ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലവരുന്നവയാണ് പിടികൂടിയ ഹെറോയിനെന്ന് അധികൃതര്‍ പറഞ്ഞു.

ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലും വലിയ അളവിലുള്ള ഹെറോയിന്‍ പിടികൂടിയിരുന്നു. 2500 കോടി രൂപയുടെ ഹെറോയിനാണ് പിടികൂടിയത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി.

അറസ്റ്റിലായ നാല് പേരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശിയാണ്. ഒരാള്‍ കാശ്മീരില്‍ നിന്നുള്ള ആളും രണ്ട് പേര് പഞ്ചാബില്‍ നിന്നുള്ളവരുമാണ്. ലഹരി മരുന്നുമായി ഇവരെ ഫരീദാബാദില്‍ നിന്നാണ് പിടികൂടിയത്. 354 കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ലഹരി മരുന്ന് ഇന്ത്യയിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കടല്‍ മാര്‍ഗം മുംബൈയിലെത്തിച്ച ഇവ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. മധ്യപ്രദേശിലെ ശിവപുരിയിലെ ഒരു ഫാക്ടറിയിലാണ് ഇവ നേരത്തെ സൂക്ഷിച്ചിരുന്നത്.

പിന്നീട് ഫരീദാബാദില്‍ ലഹരിമരുന്ന് സൂക്ഷിക്കാനായി വീടും വാടകയ്ക്കെടുത്തു. ഇതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.പഞ്ചാബിലാണ് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്.

 

 

 

Exit mobile version