‘സമാധാന അന്തരീക്ഷം തകര്‍ക്കും’: കോണ്‍ഗ്രസ് എംപിമാര്‍ക്കും സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് ലക്ഷദ്വീപ് കലക്ടര്‍

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് അനുമതിയില്ല.
എംപിമാര്‍ സമര്‍പ്പിച്ച അപേക്ഷ ദ്വീപ് കലക്ടര്‍ തള്ളി. ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയാണ് കലക്ടര്‍ തള്ളിയത്.

എംപിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിചിത്ര നിര്‍ദേശവും ലക്ഷദ്വീപ് ഭരണകൂടം നല്‍കി.

നേരത്തെ ഇടത് എംപിമാരുടെ അപേക്ഷയും ലക്ഷദ്വീപ് ഭരണകൂടം തള്ളിയിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശമാണ് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട് വച്ചിരുന്നത്.

സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്. എംപിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, വി ശിവദാസന്‍, എഎം ആരിഫ്, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ക്കാണ് ദ്വീപ് ഭരണകൂടത്തിന്റെ ഇത്തരമൊരു നിര്‍ദേശം.

ഇതിനിടെ ദ്വീപില്‍ വീണ്ടും കൂട്ട പിരിച്ചുവിടലിന് ഭരണകൂടം ഉത്തരവിട്ടു. കായിക വകുപ്പില്‍ നിന്നും 151 പേരെയാണ് പിരിച്ച് വിട്ട് ഉത്തരവിറങ്ങിയത്. രണ്ട് മാസം മുന്‍പ് 191 പേരെ കായിക വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് അധികൃതരുടെ വിശദീകരണം. പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയ ശേഷം 1300ഓളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

Exit mobile version