ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി : സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : ലക്ഷദ്വീപില്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് സ്‌കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും. ഇതിനെതിരെ കവരത്തി സ്വദേശിയും സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനുമായ അജ്മല്‍ അഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ലക്ഷദ്വീപിന്റെ തനത് ഭക്ഷണ സംസ്‌കാരം തകര്‍ക്കാനും ചില രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുമാണ് ഭരണകൂട നടപടി എന്നായിരുന്നു അജ്മലിന്റെ വാദം.

പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താല്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്‌കാരം കൊണ്ടു വരുന്നതെന്ന് ഹര്‍ജിക്കാരിന് വേണ്ടി ഹാജരായ പീയൂഷ് കോട്ടം, ആബിദ് അലി ബീരാന്‍ എന്നിവര്‍ വാദിച്ചു. 1992ല്‍ മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. അതുപോലെ പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍ നിന്ന് നീക്കിയതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലും കേന്ദ്ര സര്‍ക്കാറും അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസും അയച്ചിട്ടുണ്ട്.

Exit mobile version