നഗരപിതാവിന്റെ വാഹനം കാണുമ്പോള്‍ പൃഷ്ഠം കാട്ടുന്ന തൃശ്ശൂര്‍ പോലീസിന് ബിഗ് സല്യൂട്ട്! തൃശൂര്‍ മേയറുടെ പരാതിയില്‍ അഡ്വ. ജയശങ്കര്‍

തൃശൂര്‍: പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് ഡിജിപിക്ക് പരാതി നല്‍കിയ തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്.

അല്പനെ മേയറാക്കിയാല്‍, അര്‍ധരാത്രി സല്യൂട്ട് ചോദിക്കും എന്ന തലക്കെട്ടോടെയാണ് ജയശങ്കറിന്റെ വിമര്‍ശന കുറിപ്പ്. നഗരപിതാവിന്റെ വാഹനം കാണുമ്പോള്‍ തിരിഞ്ഞുനിന്ന് പൃഷ്ഠം കാട്ടുന്ന തൃശൂര്‍ പോലീസിന് ബിഗ് സല്യൂട്ടെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


‘അല്പനെ മേയറാക്കിയാല്‍, അര്‍ദ്ധരാത്രി സല്യൂട്ട് ചോദിക്കും’

നെട്ടിശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വര്‍ഗീസ്. കൊടി വച്ച കാറില്‍ പൊടി പറപ്പിച്ചു പോകുമ്പോള്‍ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.

മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവര്‍ക്കാര്‍ക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാന്‍ഡിങ് ഓഡര്‍ പ്രകാരം മേയര്‍ക്കോ മുന്‍സിപ്പല്‍ ചെയര്‍മാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാന്‍ വ്യവസ്ഥയില്ല.
നഗരപിതാവിന്റെ വാഹനം കാണുമ്പോള്‍ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂര്‍ പോലീസിന് ബിഗ് സല്യൂട്ട്!’

ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസ് ഡിജിപിക്ക് നല്‍കിയ പരാതി. പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരം മേയറെയും ബഹുമാനിക്കേണ്ടതാണ്. എംപിക്കും എംഎല്‍എക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവര്‍ക്ക് സല്യൂട്ട് നല്‍കാത്തത് അപമാനിക്കലാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

ഞാന്‍ കോര്‍പ്പറേഷന്റെ മേയറായിട്ട് ഏകദേശം ആറ് മാസമേ ആയിട്ടുള്ളൂ. നേരത്തെ ജനപ്രതിനിധിയായിട്ടും കൗണ്‍സിലറായിട്ടും ഇവിടെ ഉണ്ടായിരുന്നു. പോലീസ് ഒരിക്കലും മേയറെ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടില്ല. എന്നെ സല്യൂട്ട് ചെയ്യണമെന്നല്ല ആ പദവിയെ ബഹുമാനിക്കണമെന്നാണ് പറയുന്നത്. സല്യൂട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല നമ്മളെ കാണുമ്പോള്‍ ഇവര്‍ തിരിഞ്ഞു നില്‍ക്കുകയാണ്. അപമാനിച്ചതിന് തുല്യമായാണ് ഇത് ഞാന്‍ കാണുന്നത്- എംകെ വര്‍ഗീസ് പരാതിയില്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് പല തവണ ഡിജിപിക്ക് പരാതി കൊടുത്തിരുന്നും പക്ഷെ നടപടിയൊന്നും കണ്ടില്ല. ഒപ്പം തന്നെ തൃശൂര്‍ എംഎല്‍എ കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. മേയറെ അംഗീകരിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. പദവിയെ അപമാനിക്കുന്നത് ശരിയല്ല. കേരളത്തിലെ ഒന്നടങ്കം മേയര്‍മാര്‍ക്ക് വേണ്ടിയാണ് പരാതി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

പുതിയ ഡിജിപി വരുന്നതോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ഞാന്‍ സല്യൂട്ട് കൊടുക്കേണ്ടിടത്ത് കൊടുക്കും. വാങ്ങിക്കേണ്ട സ്ഥലത്ത് വാങ്ങിക്കുകയും ചെയ്യും. ചോദിച്ചു വാങ്ങേണ്ട അവസ്ഥ ഉണ്ടാക്കിയത് അവരാണ്. അതവരുടെ തെറ്റാണ്. കേരളത്തില്‍ എല്ലായിടത്തും ഈ ചട്ടം വരണമെന്നും ഡിജിപി നടപടിയെടുത്തില്ലെങ്കില്‍ ഡിജിപിയുടെ മുകളിലും ആള്‍ക്കാരുണ്ട്. അവരെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.

അതേസമയം, കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ നില്‍ക്കുന്നവരല്ലെന്ന് പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പ്രതികരിച്ചിരുന്നു.

Exit mobile version