ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; കേസന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചു

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷാ സുല്‍ത്താനയുടെ ആവശ്യം കോടതി തള്ളി.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.

കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വാദം കേട്ട കോടതി കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കേസന്വേഷണ പുരോഗതി അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു.

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്റീന്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Exit mobile version