ആരെല്ലാം അവിശ്വസിച്ചാലും അമ്മയ്ക്ക് പഴയ എൽദോ എബ്രഹാമാണ്; ഭാര്യയും താനും കോടീശ്വരന്മാരല്ല; സമ്പാദ്യം ഒരു സ്‌കൂട്ടർ മാത്രം: വൈകാരിക കുറിപ്പുമായി എൽദോ എബ്രഹാം

കൊച്ചി: തന്റെ സമ്പാദ്യത്തെ സംബന്ധിച്ച് വലിയ രീതിയിൽ ചർച്ച നടക്കുന്നതിനിടെ താണ്ടി വന്ന കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തെ കുറിച്ച് സിപിഐ നേതാവും മുൻ എംഎൽഎയുമായ എൽദോ എബ്രഹാം. അമ്മയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ് ‘ആരെല്ലാം അവിശ്വസിച്ചാലും അമ്മയ്ക്ക് പഴയ എൽദോ എബ്രഹാമാണ്’ എന്നു പറയുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും തന്റെ സമ്പാദ്യം ഒരു സ്‌കൂട്ടർ മാത്രമാണെന്നും എൽദോ എബ്രഹാം ഫോസ്ബുക്കിലൂടെ പറഞ്ഞു.

എൽദോ എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘എന്റെ സുഹൃത്തുക്കളോട് ഞാൻ പറയാറുള്ള ഒരു കാര്യം…..ഇത് പോലെ സാധുവായ, നിഷ്‌കളങ്ക മനസുള്ള ഒരു അമ്മ വേറെ ഉണ്ടാകില്ല. 77 വയസ് പിന്നിടുമ്പോൾ അമ്മയ്ക്ക് ഓർമ്മ നന്നേ ഇല്ല. ചോദ്യങ്ങളോട് വ്യത്യസ്ത മറുപടികൾ. 1994ൽ വിദ്യാർഥി സംഘടന പ്രവർത്തനം ആരംഭിച്ചകാലം മുതൽ മിക്കവാറും രാത്രി വൈകിയും പുലർച്ചെയുമാണ് വീട് എത്തുന്നത്, മഴക്കാലത്തും മഞ്ഞ് കാലത്തും നട്ടപ്പാതിരയ്ക്ക് തപ്പിപ്പിടിച്ച് ഇരുട്ടിലൂടെ പാടവരമ്പുകൾ കടന്ന് ക്ഷീണിതനായി ഞാൻ വീട് എത്തും. കൊച്ച് വീട് ,പരിമിതമായ സൗകര്യം വീട്ടിലെ മുൻവശത്തെ വാതിലിന് താഴെ ചാണകം മെഴുകിയ തറയിൽ പായയിൽ അമ്മ മകനെ കാത്ത് പാതി മയങ്ങി കിടക്കുന്നുണ്ടാകും. അന്ന് വീട്ടിൽ ഫോൺഇല്ല, കറന്റില്ല, സ്വാഭാവികമായും കോളിംഗ് ബെല്ലും ഇല്ലല്ലൊവാതിലിൽ ചൂണ്ടുവിരൽ കൊണ്ട് ഞാൻ രണ്ട് തവണ മുട്ടിയാൽ ഉടൻ അമ്മ ഉണരും. വാതിൽ തുറക്കും…. ഇത് വർഷങ്ങളുടെ ശീലമാണ്.

ഇക്കഴിഞ്ഞ ദിനം ഞാൻ രാത്രി 11 ന് എത്തി വാതിലിൽ മുട്ടി അമ്മ ലൈറ്റിടാൻ ശ്രമിക്കുമ്പോൾ മൊബൈൽ ഫോണിലെ ടോർച്ച് ഓൺ ചെയ്ത് ഞാൻ അടിച്ചു കൊടുത്തു.’ അമ്മേ എൽദോ ആണ് ‘എന്ന് പഴയ പോലെ ഞാൻ വീണ്ടും പറഞ്ഞപ്പോൾ മറുപടി ദാ വരുന്നു.,, വാതിൽ തുറന്നു. ഓർമ്മയുടെ പാടുകൾ മാഞ്ഞിട്ടില്ല… മറഞ്ഞിട്ടില്ല….അമ്മയ്ക്ക് ഇപ്പോഴും പഴയ ശീലങ്ങൾ ഒന്നും കൈവിട്ടിട്ടില്ല.

മകൻ നടന്നു നീങ്ങിയവഴിയിൽ അപ്പനോ അമ്മയോ ഒരിക്കലും തടസം നിന്നില്ല.’ നോ ‘ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പഴയ എൽദോ അല്ല ഇപ്പോൾ എന്ന് പറയുന്ന ധാരാളം ആളുകൾ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുണ്ടായി.പണം ധാരാളം, കാറുണ്ട്, സ്ഥലം വാങ്ങി, പുതിയ വീട് പണിതു, വിദേശത്ത് ബിസിനസ് ഉണ്ട്, ബിനാമി ഏർപ്പാടല്ലെ !, ഭാര്യ കോടീശ്വരി അല്ലെ എന്താ കുഴപ്പം എന്ന് ചായക്കടകളിൽ, നാട്ടിൻ പുറങ്ങളിൽ ഏറെ ചർച്ച നടന്നത് ഈ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. ബോധപൂർവ്വം പറഞ്ഞവരും അറിവില്ലാതെ പറഞ്ഞവരും ഉണ്ട്. വാസ്തവത്തിൽ ഒരു പാട് സങ്കടമായി. ആരോടും പിണക്കമോ വിരോധമോ ഇല്ല. ഞാൻ ചേർത്ത് പിടിച്ച എന്റെ സ്വന്തം നാട്ടിൽ പോലും വിഷാംശം നിറഞ്ഞ കുപ്രചരണങ്ങൾ നടത്തുന്നതിൽ എന്റെ സുഹൃത്തുക്കൾ വിജയിച്ചു.

എന്നാൽ എന്റെ കുടുംബത്തിനറിയാം എൽദോ ആ പഴയ എൽദോ ആണെന്ന്. 2016ൽ ജനങ്ങളോട്, നാടിനോട് , അധികൃതരോട് പറഞ്ഞ എന്റെ സമ്പാദ്യം ഒരു സ്‌കൂട്ടർ മാത്രമാണ്. ഇപ്പോൾ ആ സ്‌കൂട്ടറിന് 5 വയസ് കൂടി എന്നതാണ് വന്ന ഒരേ ഒരു വളർച്ച. ഒപ്പം ഏറിയ ബാധ്യതകളും. ഒരായുസിൽ ഒരുപക്ഷെ ഇനി നീട്ടി ലഭിക്കാൻ ഇടയുള്ള കാലം കഠിനാധ്വാനം ചെയ്താലും ബാധ്യതകൾ വിട്ടൊഴിയില്ല… കണ്ണിൽ ചോര ഇല്ലാത്തവർ ,മന:സാക്ഷിയുടെ ചെറുതരി അംശം ഇല്ലാത്തവർ എന്തെല്ലാമാണ് നാവുകൊണ്ട് കാതുകളിലേക്ക് പകർന്ന് നൽകുന്നത്.! എൽദോയ്ക്ക് മാറാൻ ആകില്ല. അമ്മയ്ക്ക് അറിയാം അമ്മയുടെ മോൻ മാറില്ല എന്ന്…. ആരെല്ലാം അവിശ്വസിച്ചാലും അമ്മയ്ക്ക് പഴയ എൽദോ എബ്രഹാമാണ്’

Exit mobile version