ചോര്‍ന്നൊലിക്കുന്ന വീടിനു മുകളില്‍ വിരിക്കാന്‍ പ്ലാസ്റ്റിക് പടുത ചോദിച്ചെത്തി; ബാബുവിന് വീട് വെച്ചു നല്‍കി ഇമ്മാനുവല്‍, നന്മമനസിന് അഭിനന്ദന പ്രവാഹം

മരങ്ങാട്ടുപിള്ളി: ചോര്‍ന്നൊലിക്കുന്ന വീടിനു മുകളില്‍ വിരിക്കാന്‍ പ്ലാസ്റ്റിക് പടുത ചോദിച്ചാണു കുറിച്ചിത്താനം കുമ്പിക്കിയില്‍ ബാബു (55)വിന് വീടൊരുങ്ങി. മരങ്ങാട്ടുപിള്ളിയിലെ സെന്റ് മേരീസ് കാറ്ററിങ് ഉടമ മുളങ്ങാട്ടില്‍ ഇമ്മാനുവല്‍ ജോസഫിന്റെ കരുണയിലാണ് ബാബുവിന്റെ സ്വപ്‌ന വീടൊരുങ്ങിയത്.

പടുത ചോദിച്ചെത്തിയ തനിക്ക് വീട് വെച്ച് നിര്‍മ്മിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. ഹോട്ടല്‍ തൊഴിലാളിയാണ് ബാബു. അനാരോഗ്യം മൂലം ജോലിക്കു പോകാന്‍ വയ്യാത്ത അവസ്ഥ. 13 സെന്റ് സ്ഥലത്തെ ചെറിയ വീട് ചോര്‍ന്നൊലിക്കുന്നതിനാലാണു പടുത ചോദിച്ചത്. പടുതയുടെ അളവ് ഇമ്മാനുവല്‍ ചോദിച്ചപ്പോള്‍ ബാബു നല്‍കിയത് അളവെടുപ്പിന് ഉപയോഗിച്ച തോട്ടപ്പയറിന്റെ വള്ളി. കുഞ്ഞേട്ടന്‍ എന്ന ഇമ്മാനുവല്‍ നേരിട്ടു ബാബുവിന്റെ എത്തി സങ്കടാവസ്ഥ കണ്ടു. രണ്ടാമതൊന്ന് ആലോചിക്കാതെ തകര്‍ന്നു വീഴാറായ വീടിനു പകരം പുതിയ വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു.

പഴയ വീടിന്റെ അടിത്തറ ഒഴികെ ബാക്കി പൊളിച്ചുനീക്കി 760 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ വീട്. 2 കിടപ്പുമുറി, ഹാള്‍, അടുക്കള, ശുചിമുറി സൗകര്യങ്ങള്‍. ഫര്‍ണിച്ചര്‍ വാങ്ങിനല്‍കി. 5 ലക്ഷത്തിലധികം രൂപ മുടക്കിയാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. താക്കോല്‍സമര്‍പ്പണം മരങ്ങാട്ടുപിള്ളി എസ്എച്ച്ഒ എസ്.സനോജ് നിര്‍വഹിച്ചു. നിറഞ്ഞ മനസിന് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും അഭിനന്ദന പ്രവാഹമാണ്.

Exit mobile version