പഴയ ഒരു രൂപയുണ്ടോ ആയിരങ്ങള്‍ സമ്പാദിക്കാം; പരസ്യത്തില്‍ മുന്നറിയിപ്പുമായി പോലീസ്

KERALA POLICE | bignewslive

കൊച്ചി: പഴയ ഒരു രൂപയുണ്ടോ ആയിരങ്ങള്‍ സമ്പാദിക്കാം എന്ന തരത്തില്‍ പ്രചരിക്കുന്ന പരസ്യത്തില്‍ വഞ്ചിതരാകരുതെന്ന് കേരള പോലീസ്. പഴയ നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകള്‍ക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ വന്‍ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന് പോലീസ് അറിയിച്ചു.

ഇത്തരത്തില്‍ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ ഒരുരൂപ വില്‍പ്പനയ്ക്ക് വച്ച ബാംഗ്ലൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. ഓണ്‍ലൈനിലെ പരസ്യം കണ്ട് തന്റെ കൈയ്യിലുള്ള 1947 ലെ നാണയം വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ 10 ലക്ഷം രൂപയാണ് അതിന് വില നിശ്ചയിച്ചത്. തുടര്‍ന്ന് ഇവരെ തേടി ഒരു കോടി രൂപ നല്‍കാം നാണയം വില്‍ക്കുന്നോ എന്ന് ചോദിച്ച് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടു.

ആ ഓഫര്‍ വിശ്വസിച്ച വീട്ടമ്മ ഡീല്‍ ഉറപ്പിക്കുകയും തന്റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നല്‍കുകയും ചെയ്തു. അതേ സമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്‌ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. അത് വിശ്വസിച്ചു പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാല്‍ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് അവര്‍ക്ക് മനസിലായത് എന്നും കേരള പോലീസ് പറഞ്ഞു.

Exit mobile version