സ്വകാര്യബസുകള്‍ ഉണ്ടാകില്ല, ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളത്. അതേസമയം, നേരത്തേ അറിയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണും നടപ്പാക്കും.

രണ്ടുദിവസവും സ്വകാര്യബസുകള്‍ ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രം നടത്തും. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളത്. അതേസമയം, നേരത്തേ അറിയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിച്ചശേഷം നിര്‍മാണ മേഖലയില്‍ ഉള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കാം. ക്ഷേത്രങ്ങള്‍ തുറക്കും. നിത്യപൂജകളും ഉണ്ടാകും. ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും.

ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍, കള്ളുഷാപ്പുകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കും.

Exit mobile version