സൈനികനായ വിഷ്ണുവിനെ വിവാഹം ചെയ്യാൻ സ്വർണവും കാറും നൽകിയതിന് പുറമെ 10 ലക്ഷവും; വള്ളിക്കുന്നത്തെ 19കാരിയുടെ മരണം കൊലപാതകമെന്ന് വീട്ടുകാർ

ആലപ്പുഴ: വള്ളിക്കുന്നത്ത് 19 കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത്. സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടുകാർ സുചിത്രയെ ശാരീരികമായും മാനസികമായും ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കൾ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

ഉത്തരാഖണ്ഡിൽ സൈനികനായ വിഷ്ണുവാണ് സുചിത്രയുടെ ഭർത്താവ്. ജൂൺ 22 നാണ് സുചിത്രയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 21 നായിരുന്നു ഇവരുടെ വിവാഹം. ഓച്ചിറ വലിയകുളം സ്വദേശിയാണ് സുചിത്ര. സുചിത്രയെ ഭർത്താവിന്റെ അമ്മ ദേഹോപദ്രവം ചെയ്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകളെ കെട്ടിത്തൂക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണ്ണത്തിന്റെ പേരിൽ വിഷ്ണുവിന്റെ അമ്മ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് സുചിത്രയുടെ അമ്മയും പറഞ്ഞു. സ്വർണവും കാറും നൽകിയതിന് പുറമെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നെന്ന് പിതാവ് പറഞ്ഞു.

അമ്മയുടെ വാക്കുകൾ:

എന്തിനാണ് അമ്മേ എനിക്ക് ഈ സ്വർണ്ണമൊക്കെ തന്നയച്ചതെന്ന് മകൾ ചോദിച്ചിരുന്നു. ഈ സ്വർണ്ണമെല്ലാം പ്രശ്‌നമാണെന്നും അവൾ പറഞ്ഞിരുന്നു. കരഞ്ഞപ്പോൾ ഞാൻ പറഞ്ഞു നീ സമാധാനപ്പെട്, എന്നിട്ട് വള അമ്മയുടെ കൈയിൽ കൊടുക്ക് എന്ന് പറഞ്ഞു. വള തിരിച്ചുകൊണ്ട് കൊടുത്തപ്പോൾ വിഷ്ണുവിന്റെ അമ്മ അത് എറിഞ്ഞു. അപ്പോൾ എന്റെ മോള് വിഷ്ണുവിനോട് പോയി പറഞ്ഞു വിഷ്ണുവേട്ട അമ്മ വീണ്ടും വള എറിഞ്ഞുവെന്ന്.

നീ കൊണ്ടുപോയി അലമാരയിൽ വെക്ക് എന്നും പറഞ്ഞ് അന്ന് വിഷ്ണു അവളെ പള്ള് (ചീത്ത) പറഞ്ഞെന്നു പറഞ്ഞ് പരാതി പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു വിഷ്ണുവിന്റെ സങ്കടം കൊണ്ടല്ലേന്ന്. അപ്പോൾ അവളും പറഞ്ഞു അതേ അമ്മേയെന്ന്.

വിഷ്ണുവേട്ടൻ എന്നെ ചീത്ത പറയാതിരുന്നപ്പോൾ അമ്മ വന്ന് ഓരോന്ന് പറഞ്ഞ് പറഞ്ഞ് വിഷ്ണുവേട്ടനെ പ്രകോപിപ്പിക്കുകയാണെന്ന് അവൾ പറഞ്ഞു. തന്നെ ജീവനാണ് വിഷ്ണുവിനെന്ന് അവൾ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം അവർക്ക് എന്റെ മോളോട് സ്‌നേഹക്കുറവാണ്. മോളേ ദേഹോപദ്രവം ചെയ്തിട്ടുണ്ട്.

Exit mobile version