മെട്രോയില്‍ കയറാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി; കൊച്ചി നഗരത്തിലൂടെ കറങ്ങി നടന്ന വിദ്യാര്‍ത്ഥികളെ പോലീസ് കണ്ടെത്തി

എട്ടാം ക്ലാസില്‍ പഠിക്കുന്ന മൂവരും സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി ട്രെയിനില്‍ കയറി ആലുവയിലെത്തുകയായിരുന്നു.

കൊച്ചി; കൊച്ചി മെട്രോയില്‍ കയറാന്‍ വീട്ടില്‍ അറിയിക്കാതെ കാസര്‍കോട്ടു നിന്നെത്തിയ വിദ്യാര്‍ത്ഥികളെ ആലുവ പോലീസ് കണ്ടെത്തി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള 13 വയസ്സുകാരായ മൂന്ന് വിദ്യാത്ഥികളാണ് തിങ്കളാഴ്ച കൊച്ചി മെട്രോയും കൊച്ചി നഗരവും ചുറ്റിക്കറങ്ങാന്‍ കാസര്‍കോട് നിന്നും പുറപ്പെട്ടത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന മൂവരും സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി ട്രെയിനില്‍ കയറി ആലുവയിലെത്തുകയായിരുന്നു. മെട്രോയില്‍ കയറി ലുലു മാളും പിന്നീട് മറൈന്‍ ഡ്രൈവും കറങ്ങിയ വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെ വിനോദസഞ്ചാര മേഖലകളിലൂടെ കറങ്ങി നടന്നു.

രാത്രിയായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൂന്നുപേരുടെ പക്കലും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച മുതല്‍ അത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കൊച്ചി കാണാനെത്തിയപ്പോള്‍ 5,000 രൂപയാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണായി.

ആലുവ മാര്‍ക്കറ്റ് പരിസരത്താണ് സ്വിച്ച് ഓണ്‍ ചെയ്തതെന്ന് കണ്ടെത്തിയതോടെ വിദ്യാനഗര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസുമായി ബന്ധപ്പെട്ടു. ഉടനെ പോലീസ് മാര്‍ക്കറ്റിലെത്തി പരിശോധന ആരംഭിച്ചു.

ഇതിനിടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുട്ടികള്‍ എത്തിയെന്ന വിവരം മൊബൈല്‍ ഫോണ്‍ റെയ്ഞ്ചിലൂടെ പോലീസ് മനസ്സിലാക്കി. ഉടനെ റെയില്‍വേ സ്റ്റേഷനു സമീപമെത്തി ആലുവ പോലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു. പണം തീര്‍ന്നതിനാല്‍ തിരികെ നാട്ടിലേക്കു പോകാന്‍ ഒരുങ്ങുകയായിരുന്നുവെന്ന് കുട്ടികള്‍ പോലീസിനെ അറിയിച്ചു.

മൂവരേയും പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. കാസര്‍കോട് നിന്ന് വീട്ടുകാരെത്തിയ ശേഷം ബുധനാഴ്ച രാവിലെ കുട്ടികളെ അവരോടൊപ്പം വിടുമെന്ന് എസ്‌ഐ എംഎസ് ഫൈസല്‍ പറഞ്ഞു. വീട്ടുകാരെ അറിയിക്കാതെ എത്തിയതാണെങ്കിലും മെട്രോയും കൊച്ചിയും ഏറെ ഇഷ്ടമായെന്നാണ് മൂവരും പോലീസിനോട് പറഞ്ഞത്.

Exit mobile version