സ്ത്രീധന-ഗാർഹിക പീഡനങ്ങളെ കുറിച്ച് പരാതി അറിയിക്കാൻ ‘അപരാജിത’; ഒറ്റദിവസം കൊണ്ട് ലഭിച്ചത് 108 പേർ; ഇമെയിലിൽ വന്ന പരാതികൾ മാത്രം 76

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയും മറ്റും ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുന്നതിനായി പോലീസ് ആരംഭിച്ച ‘അപരാജിത’ സംവിധാനത്തിന് തുടക്കമായി. സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഓഫീസർകൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആർ നിശാന്തിനിയെ ഇന്ന് മൊബൈൽ ഫോണിൽ വിളിച്ച് പരാതി നൽകിയത് 108 പേരാണ്. ഗാർഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇമെയിൽ വഴി ഇന്ന് 76 പരാതികളും ലഭിച്ചു.

ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണിത്. സ്റ്റേറ്റ് നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ 9497999955. ഗാർഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. 9497996992 ഫോൺ നമ്പറിൽ വിളിച്ചും പരാതികൾ അറിയിക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ അറിയിച്ചു.

Exit mobile version