കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനവും വിവാഹവും; ദിവസേനെ ദർശനത്തിന് 300 പേർക്ക് അനുമതി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാഴാഴ്ച മുതൽ ദൾശനത്തിന് അനുമതി നൽകിക്കൊണ്ട് തീരുമാനമായി. ഒരു ദിവസം 300 പേർക്ക് ദർശനം നടത്താനാണ് അനുമതിയുള്ളത്. ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. ഓൺലൈനിൽ ബുക്ക്‌ചെയ്തവർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ലഭിക്കുകയെന്നുമാണ് റിപ്പോർട്ട്.

കർശന നിയന്ത്രണങ്ങളോടെയാകും ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുക. വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് അനുമതി. നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കുമെന്നാണ് വിവരം.

അതേസമയം, ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. കൂടുതൽ ബുക്കിങ്ങുകൾ വരുന്ന സാഹചര്യത്തിൽ ബോർഡ് തീരുമാനം അനുസരിച്ചാകും ഒരുദിവസം എത്ര വിവാഹം എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശനം അനുവദിക്കുന്നത് ഉൾപ്പടെയുള്ള രണ്ടാംഘട്ട ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനത്ത് നാളെ മുതൽ നിലവിൽ വരും.

Exit mobile version