അറസ്റ്റില്ല; ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു; ദ്വീപിൽ തുടരണമെന്ന് നിർദേശം

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന് എതിരെ ബയോ വെപ്പൺ പരാമർശം നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കവരത്തി പോലീസാണ് ചോദ്യം ചെയ്തത്. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം മൂന്ന് ദിവസം ദ്വീപിൽ തുടരണമെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും കവരത്തി പോലീസ് ഐഷയെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഐഷയെ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഐഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റ് ആവശ്യമാണെങ്കിൽ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവിൽ പറയുന്നത്.

മീഡിയ വൺ ചാനൽ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ചതാണ് ഐഷയുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കാരണമായത്. 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം.

ഐഷയുടെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചതാണെന്നും ഐഷ സുൽത്താനയുടെ അഭിഭാഷകൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

Exit mobile version