സംസ്ഥാനത്ത് ആദ്യ ദിനം റെക്കോര്‍ഡ് മദ്യ വില്‍പ്പന; ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 52 കോടിയുടെ മദ്യം

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം തുറന്ന സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലയില്‍ റെക്കോര്‍ഡ് വില്‍പ്പന. തുറന്ന ആദ്യം ദിവസം 52 കോടിയുടെ മദ്യമാണ് വിറ്റത്. ബിവറേജസ് കോര്‍പ്പറേഷന്‍ കീഴിലെ ഔട്ട്‌ലെറ്റുകളുടെ കണക്കുകള്‍ മാത്രമാണ് ഇത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്‍പന നടന്ന മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഒറ്റ ഔട്ട്‌ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പന നടന്നു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഷോപ്പാണ് കച്ചവടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 66 ലക്ഷം. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട 65 ലക്ഷം.

സാധാരണ ആഘോഷ സമയങ്ങളിലാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന നടക്കാറുള്ളത്. എന്നാല്‍ മുമ്പുള്ളതിനേക്കാള്‍ പ്രവര്‍ത്തി സമയം 2 മണിക്കൂര്‍ കുറഞ്ഞിട്ടും അത് വില്‍പ്പനയെ ബാധിച്ചില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലറ്റുകളും ബാറുകളുമാണ് തുറന്നത്.

Exit mobile version