കെ സുരേന്ദ്രന്‍ കുടുങ്ങുന്നു, സികെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കല്‍പ്പറ്റ: സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. ഐപിസി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടത്.

കല്‍പ്പറ്റ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് കെ സുരേന്ദ്രന്‍ അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു പരാതി. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍ ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

അതേസമയം മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്.

പത്രിക പിന്‍വലിക്കാനായി കെ സുരേന്ദ്രന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന് സുന്ദരയുടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version