ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കില്ലെന്ന് ശാഠ്യം; സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ പുറത്താക്കി

കൊച്ചി: ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ പരാതി പിൻവലിക്കില്ലെന്ന് ബിജെപി അറിയിച്ചതോടെ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജിയാണ് ഐഷ സുൽത്താനയ്‌ക്കെതിരെ പോലീസിൽ രാജ്യദ്രോഹക്കേസ് നൽകിയത്.

ഐഷ സുൽത്താനയ്‌ക്കെതിരായ പരാതി പിൻവലിക്കില്ലെന്നും മറ്റു സമരങ്ങൾക്ക് കൂടെ നിൽക്കാമെന്നുമാണ് ബിജെപി അറിയിച്ചിരുന്നത്. എന്നാൽ ലക്ഷദ്വീപ് ഫോറത്തിലെ മറ്റ് അംഗങ്ങൾ ഇതിനെ എതിർക്കുകയും ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും പുറത്താക്കുകയുമായിരുന്നു. കോർക്കമ്മിറ്റിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മീഡിയ വൺ ചാനൽ ചർച്ചയ്ക്കിടെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ചതിന്റെ പേരിലാണ് ഐഷ സുൽത്താനയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റ വിമർശിച്ചതിന് രാജ്യദ്രോഹക്കുറ്റം പോലുള്ള ഗുരുതര വകുപ്പ് ചേർത്ത് കേസെടുത്തത് എറെ ചർച്ചയാവുകയാണ്. 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം. എന്നാൽ ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ഡൽഹിയിലെ വിനോഡ് ദവെ കേസ് ഉയർത്തി കാണിച്ച് മുതിർന്ന അഭിഭാഷകർ അഭിപ്രായപ്പെടുന്നു.

എന്തു കാരണം കൊണ്ടാണ് ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതെന്ന് ഹൈക്കോടതി ഇന്ന് പോലീസിനോട് ചോദിച്ചിരുന്നു. കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Exit mobile version