‘പുരോഗമന കോമാളികൾ’, ദിലീപ് പ്രതിയാകണമെന്ന് കൊതിച്ചിരുന്നവർ, മറ്റൊരു പീഡനക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ലൈക്ക് അടിച്ചിരിക്കുന്നു; വേടനെ പിന്തുണച്ചവരെ പരിഹസിച്ച് ഒമർ ലുലു

സ്ത്രീപീഡന കേസിൽ ഉൾപ്പെട്ട ദിലീപ് ഉൾപ്പടെയുള്ളവരെ എതിർത്തിരുന്ന ഫെമിനിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന പുരോഗമന ചിന്താഗതിക്കാരായ സിനിമാപ്രവർത്തകരുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സോഷ്യൽമീഡിയ. പ്രമുഖ മലയാളി റാപ്പറായ വേടൻ എന്നറിയപ്പെടുന്ന യുവാവിന് എതിരെ ഉയർന്ന ലൈംഗിക പീഡനാരോപണങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇതിനിടെ വേടൻ മാപ്പ് പറഞ്ഞും തെറ്റുതിരുത്തുമെന്ന് പറഞ്ഞും സ്വന്തം കുറ്റങ്ങൾ ഏറ്റുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. വേടന്റെ ഈ പോസ്റ്റിന് ലൈക്ക് ചെയ്താണ് പ്രമുഖരായ സിനിമാപ്രവർത്തകർ സോഷ്യൽമീഡിയയുടെ വിമർശനത്തിന് ഇരയായിരിക്കുന്നത്. വേടനെ പുതിയ പ്രോജക്ടിൽ നിന്നും മാറ്റി നിർത്തിയ മുഹ്‌സിൻ പെരാരിയും ഫെമിനിസ്റ്റ് ആശയങ്ങൾ കൊണ്ട് വ്യത്യസ്തയായ നടി പാർവതി തിരുവോത്തുമെല്ലാം വേടന്റെ പോസ്റ്റിന് ലൈക്കടിച്ചതാണ് സൈബർ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്.

ലൈക്ക് ചെയ്യുക എന്നാൽ ആ വാദങ്ങളോട് ഐക്യപെടലാണെന്നും ലൈംഗിക പീഡനാരോപണങ്ങൾ ഉയർന്ന വ്യക്തിയുടെ കുറ്റസമ്മതം തെറ്റിനെ മായ്ച്ചുകളയുമെന്നാണോ പുരോഗമനക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ധരിച്ചിരിക്കുന്നതെന്നും സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.

ഇതിനിടെ പുരോഗമന കോമാളികളെന്ന് ഇവരെ വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണമെന്നാണ് ഒമർ ലുലുവിന്റെ ചോദ്യം.

ദിലീപ് വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്, മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നതെന്നും ഒമർ ലുലു കുറ്റപ്പെടുത്തുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ
പീഢനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികൾ.’
പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം? ദിലീപ് വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്, മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവർ!
അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു ‘ലൈക്കി’നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്‌ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്? ‘സ്ത്രീപക്ഷ’ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത് നിർത്താൻ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version