ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ പലതും അറിയും, ഐഷാ സുല്‍ത്താനാ., നീ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു; ഐക്യദാര്‍ഢ്യവുമായി കെകെ രമ

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് പ്രമുഖരടക്കം നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.

ഇപ്പോഴിതാ ഐഷ സുല്‍ത്താനയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് വടകര എംഎല്‍എ കെ കെ രമ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്‍എംപി നേതാവ് ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ നല്‍കുന്നതായി അറിയിച്ചത്.

തുറുങ്കുകള്‍ക്കും തുടലുകള്‍ക്കും തുപ്പാക്കികള്‍ക്കും തൂക്കുകയറുകള്‍ക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നല്‍കിയ പേരാണ് ഇന്ത്യയെന്ന് ഓര്‍മ്മിപ്പിക്കുയാണ് കെ കെ രമ. ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകള്‍ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണന്‍ കൊണ്ട് പൊരുതാനിറങ്ങിയ ഐഷ സുല്‍ത്താനയെ ഹൃദയത്താല്‍ അഭിവാദനം ചെയ്യുന്നു.

ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലില്‍ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാന്‍ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിതെന്നും കെകെ രമ ഓര്‍മ്മിപ്പിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേല്‍ കോവിഡിനെ ലക്ഷദ്വീപ് നിവാസികള്‍ക്ക് നേരെ ബയോ വെപ്പണ്‍ ആയി ഉപയോഗിക്കുന്നു എന്ന ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശമാണ് ഐഷയ്ക്ക് എതിരായ നടപടിയുടെ അടിസ്ഥാനം.

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ലക്ഷദ്വീപില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

കെക രമയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

ഐഷാ സുല്‍ത്താനാ
സമരൈക്യദാര്‍ഢ്യം.
തുറുങ്കുകള്‍ക്കും തുടലുകള്‍ക്കും തുപ്പാക്കികള്‍ക്കും തൂക്കുകയറുകള്‍ക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നല്‍കിയ പേരാകുന്നു ഇന്ത്യ.
പ്രിയ ഐഷാ സുല്‍ത്താനാ.,
നീ ആ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു., ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു.,
ഐഷാ സുല്‍ത്താനാ., ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകള്‍ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണന്‍ കൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താല്‍ അഭിവാദനം.
തടവറകള്‍ക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ അറിയുക തന്നെ ചെയ്യും.
ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലില്‍ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാന്‍ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടച്ച ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.
ഐഷാ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം.
കെ.കെ രമ.

Exit mobile version