മാറ്റിനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കും; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനം

K Surendran | Bignewslive

തിരുവനന്തപുരം: വിവാദങ്ങള്‍ ഒന്നിന് മീതെ ഒന്നായി വരുന്ന പശ്ചാത്തലത്തിലും കെ സുരേന്ദ്രന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന തീരുമാനം കൈകൊണ്ടത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചുമതല കേന്ദ്രമന്ത്രി വി മരളീധരനെ ഏല്‍പ്പിച്ചു.

സുരേന്ദ്രനെ മാറ്റിനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. ഒറ്റതിരിഞ്ഞുള്ള ആക്രമണം ഉണ്ടാവരുതെന്നും ഓണ്‍ലൈന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. തീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വത്തിന് വിട്ടുനല്‍കി. അതേസമയം ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശനെ തിരികെ വിളിക്കാന്‍ ആര്‍എസ്എസിനോട് ആവശ്യപ്പെടും. അടുത്ത മാസം ചേരുന്ന ആര്‍എസ്എസ് യോഗത്തില്‍ ഇക്കാര്യം പരിഗണിക്കും.

കഴിഞ്ഞ ദിവസം പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. കുഴല്‍പ്പണവുമായി സംബന്ധിച്ച ആരോപണങ്ങള്‍ തലയ്ക്ക് മീതെ നില്‍ക്കവെയായിരുന്നു പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണവും ശക്തമായത്. പിന്നാലെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയും ബിജെപി നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുേടതായിരുന്നു ഉത്തരവ്. മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയ കെ സുന്ദരയാണ് തനിക്ക് ബിജെപി നേതാക്കള്‍ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയത്.

Exit mobile version