‘ഞങ്ങളൊക്കെ ഒന്നിച്ചാ പോച്ച പറിക്കാൻ പോകുന്നേ, ഇവിടെ കേറാതെ പോയാൽ പിണങ്ങും’; നാട്ടിലെ കടയിൽ നിന്നും പഴം വാങ്ങിക്കഴിച്ച് കുശലം പറഞ്ഞ് മന്ത്രി; വീഡിയോ

p prasad

മന്ത്രി പദവി എന്നത് കേവലം പ്രവർത്തിക്കാനുള്ള ഒരു സ്ഥാനം മാത്രമാണെന്നും താനെന്നും സാധാരണക്കാർക്ക് ഒപ്പമാണെന്നും ഓർമ്മിപ്പിച്ച് ഈ മന്ത്രി. നാട്ടിൻപുറത്തെ ആളുകൾക്കൊപ്പം ജനിച്ചുവളർന്ന താനിന്ന് മന്ത്രി പദവിയിലാണെന്ന ജാഡയൊന്നും ഇല്ലാതെ തനി നാട്ടിൻപുറത്തുകാരനായി നാട്ടുകാരോട് കുശലം പറയുന്ന കൃഷി മന്ത്രി പി പ്രസാദിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.

സാധാരണക്കാരുടെ ഇടയിൽ നിന്ന് പ്രവർത്തിച്ച് വന്ന്, ഇന്ന് മന്ത്രി കസേരയിൽ എത്തിയിട്ടും മണ്ണിൽ ചവിട്ടി നിൽക്കാനാണ് തനിക്കിഷ്ടമെന്ന് പറയാതെ പറയുകയാണ് മന്ത്രി പ്രസാദ്. ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ ഇപ്പോഴും നിരവധിപേരാണ് പങ്കുവയ്ക്കുന്നത്. ആരും വേണമെന്ന് പറയാത്ത 13-ാം നമ്പർ കാർ തന്നെ ഔദ്യോഗിക വാഹനമായി ഏറ്റെടുത്ത മന്ത്രി ആ കാറിൽ വന്നിറങ്ങുന്നത് തൊട്ടാണ് വീഡിയോയിലുള്ളത്.

ഒരു ചെറിയ കടയിൽ കയറി പഴം കഴിച്ച ശേഷം സംസാരിക്കുകയാണ് മന്ത്രി. ‘ഞങ്ങളൊക്കെ ഒന്നിച്ചാ പോച്ച പറിക്കാൻ പോകുന്നേ..ഇച്ചിരിയുണ്ടേ പിണങ്ങും. ഇനി ഇവിടെ കേറാതെ പോയാൽ അതിനും പിണങ്ങും..’ പൊട്ടിച്ചിരിയോടെ മന്ത്രി പറയുന്നു. ‘ഞങ്ങടെ മന്ത്രി ഇങ്ങനെയാ.. എന്ന് കുറിച്ചാണ് നാട്ടുകാർ വിഡിയോ പങ്കിടുന്നത്. വിഡിയോ കാണാം.

Exit mobile version