ഒരു ദിവസത്തെ ഷോയ്ക്ക് ഒരു കോടി അഴിമതി നടത്തിയത് മുൻമന്ത്രി അനിൽ കുമാർ; ഷോ നടത്തിയത് യുഡിഎഫ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ്; താനെല്ലാം അറിഞ്ഞത് ഇപ്പോഴെന്ന് എപി അബ്ദുള്ളക്കുട്ടി

കണ്ണൂർ: കണ്ണൂരിലെ കോട്ട ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിക്കേസിൽ വിജിലൻസ് തന്റെ വീട്ടിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. വിജിലൻസ് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുവെയാണ് താനൊന്നും അറിഞ്ഞിരുന്നില്ലെന്നും അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എപി അനിൽ കുമാറാണ് അഴിമതി നടത്തിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞത്.

2011-16ൽ ഞാൻ യുഡിഎഫ് എംഎൽഎയായിരിക്കെയാണ് കോട്ടയിൽ ഷോ നടത്താനുള്ള പദ്ധതി കൊണ്ടുവന്നത്. ഒരുദിവസം മാത്രം നടന്ന ഷോയുടെ പേരിൽ ഒരുകോടി രൂപ ക്രമക്കേട് നടത്തിയെന്നാണ് പരാതി. എന്നാൽ പദ്ധതി അന്നത്തെ സർക്കാരിനോട് നിർദേശിക്കുക മാത്രമാണ് താൻ ചെയ്തത്. സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തുകയും ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ വന്ന് വലിയ ആഘോഷമായാണ് ഉദ്ഘാടനം നടന്നത്. പക്ഷേ രണ്ടാഴ്ച പോലും ഷോ നടന്നില്ല. കരാർ നൽകിയത് തട്ടിക്കൂട്ട് കമ്പനിക്കാണെന്നാണ് മനസിലാക്കിയത്. ഇപ്പോഴാണ് ഞാൻ സത്യാവസ്ഥ അറിഞ്ഞത്. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന അനിൽകുമാറാണ് ഈ കൊള്ള നടത്തിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ ഇന്ന് രാവിലെയാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 2020ൽ കണ്ണൂർ ഡിടിപിസിയിൽ നടത്തിയ പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട് ഫയൽ വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർ പരിശോധനകളുടെ ഭാഗമായാണ് അബ്ദുള്ളകുട്ടിയുടെ വീട്ടിലും വിജലൻസ് പരിശോധന നടത്തിയത്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ സംഘം തേടിയിട്ടുണ്ട്.

2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്ത് ഡിടിപിസിയുമായി ചേർന്ന് കോട്ട നവീകരണത്തിനായി വിഭാവനം ചെയ്ത പദ്ധതിയിലാണ് അബ്ദുള്ളക്കുട്ടി ഉൾപ്പടെയുള്ളവർക്ക് എതിരെ അഴിമതി ആരോപണം. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇത്. കണ്ണൂർ കോട്ടയിൽ 2018ൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും നടത്തി. ഇതിനായി വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ദുർവ്യയം നടത്തിയെന്നുമാണ് പരാതി.

Exit mobile version