മരണപ്പെട്ട അമ്മയുടെ മൃതദേഹം തന്റെ വീട്ടില്‍ കൂടി കൊണ്ടുപോകണ്ടെന്ന് മകന്‍; ഗേറ്റ് അടച്ചുപൂട്ടി! ഒടുവില്‍ പോലീസ് എത്തി പൂട്ട് മുറിച്ചു മാറ്റി, അമ്മയ്ക്ക് മകളുടെ വീട്ടില്‍ അന്ത്യവിശ്രമം

പൂച്ചാക്കല്‍: അമ്മയുടെ മൃതദേഹം തന്റെ വീട്ടില്‍ കൂടി കൊണ്ടുപോകണ്ടെന്ന് പറഞ്ഞ മകന്‍ വീടിന്റെ ഗേറ്റ് അടിച്ചു പൂട്ടി. ഒടുവില്‍ പോലീസ് എത്തിയാണ് പൂട്ട് മുറിച്ച് മൃതദേഹം മകളുടെ വീട്ടിലെത്തിക്കാന്‍ സാധിച്ചത്. മകളുടെ വീട്ടിലാണ് ഒടുവില്‍ അമ്മയ്ക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഒരുക്കിയത്. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8ാം വാര്‍ഡിലാണ് സംഭവം.

സംഭവം ഇങ്ങനെ;

ബുധനാഴ്ച രാത്രി കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച അമ്മയുടെ മൃതദേഹം മകന്‍ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു. മകളുടെ വീട്ടിലേക്ക് ഇതിലെ മാത്രമേ വഴിയുള്ളു. സ്വത്ത് തര്‍ക്കമുള്ളതിനാലാണ് കുടുംബവീട്ടിലൂടെ കൊണ്ടുപോകുന്നത് മകന്‍ തടഞ്ഞത്.

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മെഡി. കോളജ് ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്കു കൊണ്ടുവന്നത്. കുടുംബവീട്ടിലൂടെ മൃതദേഹവുമായെത്തിയപ്പോള്‍, ഇതിലെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് അറിയിച്ച് മകന്‍ ഗേറ്റ് താഴിട്ടുപൂട്ടി.

പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറക്കാതെ വന്നതോടെ പൊലീസില്‍ വിവരം അറിയിച്ചു. ചേര്‍ത്തലയില്‍നിന്നു പൊലീസ് എത്തി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മകന്‍ തുറന്നില്ല. പൊലീസിന്റെ നേതൃത്വത്തില്‍ ഗേറ്റിന്റെ പൂട്ടു മുറിച്ച് മൃതദേഹം മകളുടെ വീട്ടുവളപ്പിലെത്തിച്ചു സംസ്‌കരിച്ചു.

Exit mobile version