സത്യം പറയാനാണ് മുഖ്യമന്ത്രി ജനങ്ങളെ പ്രേരിപ്പിക്കേണ്ടത്; മുഖ്യമന്ത്രി പൃഥ്വിരാജിനെ പിന്തുണച്ചതിനെ വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരളത്തിൽ നടക്കുന്നത് വ്യാജപ്രചാരണങ്ങളെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാർട്ടിയുമാണ് അസത്യപ്രചാരണത്തിന് മുമ്പിലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പൃഥ്വിരാജിനെ മുഖ്യമന്ത്രി പിന്തുണച്ചതിനോട് അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം സത്യം പറയുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.

‘ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും നടത്തുന്നത് അസത്യപ്രചരണം. രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. മുഖ്യമന്ത്രി സത്യം പറയാനാണ് ജനങ്ങളോട് ആഹ്വാനം ചെയ്യേണ്ടത്.’- സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ ലക്ഷദ്വീപ് സമൂഹത്തെ പിന്തുണച്ച് നടൻ പൃഥ്വിരാജ് രംഗത്തെത്തിയതോടെ സൈബർ ആക്രമണവുമായി സംഘപരിവാർ കേന്ദ്രങ്ങളും സജീവമായിരുന്നു. ഇതോടെ പൃഥ്വിരാജ് പറഞ്ഞത് മനുഷ്യത്വത്തിന്റെ നിലപാടാണെന്നും നാട് പൃഥ്വിരാജിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിനെയാണ് കെ സുരേന്ദ്രൻ വിമർശിച്ചിരിക്കുന്നത്.

Exit mobile version