വേഷം മാറി ബൈക്കിൽ ടൗണിലാകെ കറങ്ങി പോലീസ് മേധാവി; പരിശോധിക്കാതെ പോലീസുകാർ; ഒടുവിൽ കമ്മീഷണറെ തിരിച്ചറിഞ്ഞത് താക്കീത് കിട്ടിയതോടെ

kerala-police_

കണ്ണൂർ: കോവിഡ് ലോക്ക്ഡൗൺ കാലത്ത് പോലീസുകാർ കൃത്യമായി പരിശോധന നടത്തുന്നുണ്ടോ എന്നറിയാനായി ടൗണിലേക്ക് ഇറങ്ങിയ പോലീസ് മേധാവി കണ്ടെത്തിയത് കൃത്യനിർവ്വഹണത്തിലെ വീഴ്ചകൾ. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് ചുമതലപ്പെട്ട പോലീസുകാർ കൃത്യമായി ഡ്യൂട്ടി നിർവ്വഹിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോവൻ കണ്ടെത്തി.

വേഷംമാറി ബൈക്കിൽ ‘കറങ്ങി’യാണ് കമ്മീഷണർ പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ഇതേതുടർന്ന് കൃത്യ നിർവഹണത്തിൽ അലംഭാവം കാട്ടിയ നാലു പോലീസുകാരെ കമമീഷണറുടെ ഓഫീസിൽ വിളിച്ചുവരുത്തി താക്കീതുനൽകി. ഞായറാഴ്ച വൈകീട്ടായിരുന്നു ആർ ഇളങ്കോ ബൈക്കിൽ വേഷംമാറി യാത്രചെയ്തത്.


ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെട്ടിപ്പീടിക, വളപട്ടണം പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാലിൽ ബീച്ചിലുമാണ് കമ്മീഷണർ കറങ്ങിയത്. പലതവണ കടന്നുപോയിട്ടും ബൈക്ക് തടയാനോ പരിശോധന നടത്താനോ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ തയാറായില്ല. അതേസമയം, മറ്റു വാഹനങ്ങൾ പരിശോധിക്കുന്നുണ്ടോ എന്ന് കമ്മീഷണർ നിരീക്ഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു. തുടർന്ന് രണ്ടിടത്തും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെയാണ് തിങ്കളാഴ്ച ഓഫീസിൽ വിളിച്ചുവരുത്തി താക്കീതുചെയ്തത്.

Exit mobile version