സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയും; കെ സുരേന്ദ്രന്‍

കോഴിക്കോട്: വനിതാ മതിലില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

വനിതാ മതിലുമായി സംബന്ധിച്ച് വലിയ അവ്യക്തതയുണ്ട്. ഇത് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരേയും ആശാ വര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സര്‍ക്കാര്‍ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ പാടില്ല. നവോത്ഥാനത്തില്‍ പുരുഷന്‍മാര്‍ക്ക് ഒരു പങ്കും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
ശബരിമലയുടെ പേര് പറഞ്ഞാല്‍ ഒരു സ്ത്രീയും മതിലില്‍ പങ്കെടുക്കില്ല. അതിനാലാണ് വിഷയം മാറ്റി പറയുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഗവേഷണം നടത്തിയതിന് ശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കഴിയില്ല. പെട്ടന്നുള്ള സാഹചര്യങ്ങളോട് പ്രതികരിച്ചാണ് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു. ഇനി അത് തിരിച്ചെടുക്കാന് പറ്റില്ല എന്ന് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനെ അനുകൂലിച്ച് സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കില്‍ എന്തിനാണ് ഇടത്-വലത് മുന്നണികള്‍ പരസ്പരം മത്സരിപ്പിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിച്ച് ഇടതുമുന്നണി പിരിച്ചുവിട്ട് യുഡിഎഫില്‍ ലയിക്കാന്‍ ഇവര്‍ തയ്യാറാവണം. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദം സിപിഎം അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം പിണറായി വ്യക്തമാക്കണ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version