കോഴിക്കോട് ഓടുന്ന കാറില്‍ നിന്ന് പൂച്ചകുട്ടികളെ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് ഉടസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത; ദാരുണാന്ത്യം

കോഴിക്കോട്: ഓടികൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചകുട്ടികളെ റോഡിലേയ്ക്ക് ഉടമസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. കോഴിക്കോട് ചേളന്നൂരിലാണ് മനുഷ്യമനസാക്ഷിയുടെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വലിച്ചെറിഞ്ഞപ്പോള്‍ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ പൂച്ചകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പൂച്ചക്കുട്ടികളെ ചേളന്നൂരിലെ ആര്‍ആര്‍ടി വൊളന്റിയര്‍മാര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സില്‍വര്‍ നിറമുള്ള കാറില്‍നിന്ന് ചില്ല് താഴ്ത്തി പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കാര്‍ പെട്ടെന്ന് തന്നെ ഓടിച്ചു പോവുകയും ചെയ്തു. റോഡരികിലെ സിസിടിവി പരിശോധിച്ചെങ്കിലും വാഹനത്തെക്കുറിച്ച് യാതൊരു വിവരം ലഭിച്ചില്ല. മുന്‍പ് കക്കോടി ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version